തപ്‌സി പന്നു ചിത്രം മുള്‍ക്കിന് പാകിസ്ഥാനില്‍ പ്രദര്‍ശന വിലക്ക്

റിഷി കപൂര്‍, തപ്‌സി പന്നുവിന്റെ വരാനിരിക്കുന്ന ചിത്രം മുള്‍ക്ക് പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാനിലെ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തീരുമാനത്തിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല.

അതേസമയം മുന്‍വിധികളില്ലാത്ത ഈ തീരുമാനം വളരെ അസ്വസ്ഥരാകുന്നുവെന്നും ഇത് വളരെ വിഡ്ഢിത്തമാണെന്നും തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഇങ്ങനെ ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ആദ്യത്തെ സംഭവം അല്ല. അടുത്ത കാലത്ത് കരീന കപൂര്‍, സോനം കപൂര്‍ എന്നിവര്‍ അഭിനയിച്ച വീരേ ദീ വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അശ്ലീലമായ രംഗങ്ങളുണ്ടെന്ന് പറഞ്ഞ് പാകതിസ്ഥാനില്‍ വിലക്കിയിരുന്നു. വേറെയും ഒട്ടനവധി ചിത്രങ്ങള്‍ പാക് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചിരുന്നു.

ഋഷി കപൂര്‍, പ്രീതിക് ബബ്ബര്‍, നീന ഗുപ്ത, അശുതോഷ് റാണ, രജത് കപൂര്‍, മനോജ് പഹ്വ എന്നിവരാണ് മുള്‍ക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്‌സി കൈകാര്യം ചെയ്യുന്നത്. ഋഷി കപൂര്‍ മുര്‍ദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 3ന് തീയേറ്ററുകളിലെത്തും.

വാരാണസിയിലെ ഒരു മുസ്ലീം കുടുംബത്തെ രാജ്യദ്രോഹക്കേസുകളില്‍ ആരോപണ വിധേയനാക്കിയ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മുള്‍ക് ചിത്രീകരിച്ചിരിക്കുന്നത്. തും ബിന്‍, ദസ്, ഗുലാബ് ഗ്യാങ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് മുള്‍ക് സംവിധാനം ചെയ്യുന്നത്. മുള്‍ക്കിന്റെ ചിത്രീകരണം പ്രധാനമായും ബെനാറസിലും ലക്‌നൗവിലുമായാണ് നടന്നത്. സോഹം റോക്സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കമല്‍ മുകുത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top