മായാവതിയെ പ്രധാനമന്ത്രി ആക്കുവാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മുലായം !

മായാവതിയുടെ പ്രധാനമന്ത്രി പദമോഹത്തിന് തടയിടാന്‍ എസ്.പി നേതാവ് മുലായം സിങ് യാദവ് രംഗത്ത്.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സജീവമായി കളത്തില്‍ ഇറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സമാജ് വാദി പാര്‍ട്ടിയുടെ അടിവേര് തകര്‍ക്കുന്നതിലേക്കാണ് മായാവതി പ്രധാനമന്ത്രിയായാല്‍ കാര്യങ്ങള്‍ പോകുക. ഇക്കാര്യം തിരിച്ചറിഞ്ഞാണ് മുലായം തന്നെ രംഗത്തിറങ്ങുന്നത്. മകന്‍ അഖിലേഷ് യാദവിനോട് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അഖിലേഷിന്റെ കയ്യിലാണെങ്കിലും പിതാവിനെ ധിക്കരിച്ച് ഒരു തീരുമാനം എടുക്കാന്‍ സാധ്യത ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ബി.എസ്.പിയുമായി തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സഖ്യം മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനല്ലന്നാണ് മുലയത്തിന്റെ നിലപാട്. ബി.എസ്.പിയുമായി എസ്.പി സഖ്യമായി മത്സരിക്കുന്നതില്‍ പോലും കടുത്ത അതൃപ്തി മുലായത്തിനുണ്ടായിരുന്നു. എന്നാല്‍ അഖിലേഷിന്റെ തന്ത്രപരമായ ഇടപെടലിനെ തുടര്‍ന്ന് തല്‍ക്കാലും ക്ഷമിക്കുകയായിരുന്നു. പിന്നീട് ബദ്ധവൈരിയായ മുലായത്തോട് ശത്രുത വെടിഞ്ഞ് മായാവതി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയുമുണ്ടായി.

ബി.എസ്.പിയേക്കാള്‍ കൂടുതല്‍ സീറ്റ് എസ്.പിക്ക് ലഭിച്ചാല്‍ മുലായത്തിനെ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് സമാജ് വാദി പാര്‍ട്ടിയുടെ ഇപ്പോഴത്തെ നീക്കം.പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനം മുലായത്തിനുള്ളതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

യു.പി തൂത്ത് വരാന്‍ കഴിയുമെന്നാണ് എസ്.പി – ബി.എസ്.പി സഖ്യം കരുതുന്നത്. 80 സീറ്റില്‍ രണ്ട് പാര്‍ട്ടികളും സീറ്റുകള്‍ പങ്കിട്ടെടുത്താണ് മത്സരിച്ചത്. എസ്.പി 37 സീറ്റിലും ബി.എസ്.പി 38 സീറ്റിലുമാണ് മത്സരിച്ചത്.

സോണിയയും രാഹുലും മത്സരിച്ച മണ്ഡലങ്ങളില്‍ മാത്രമാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത്. അവശേഷിക്കുന്ന 3 സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായാണ് വിട്ടു നല്‍കിയത്. 30 സീറ്റുകള്‍ വീതം ചുരുങ്ങിയത് നേടുമെന്നതാണ് എസ്.പിയും ബി.എസ്.പിയും കരുതുന്നത്. എന്നാല്‍ പരമാവധി 20 സീറ്റ് നഷ്ടപ്പെട്ടാലും 60 സീറ്റില്‍ വിജയിക്കുമെന്നതാണ് ബിജെപിയുടെ കണക്ക്. 300 സീറ്റ് നേടി മോദി അധികാരത്തില്‍ വരുമെന്നാണ് അമിത്ഷാ ഇപ്പോഴും അവകാശപ്പെടുന്നത്.

പ്രിയങ്കയുടെ സാന്നിധ്യവും പ്രതിപക്ഷ വോട്ടുകള്‍ ചിന്നി ചിതറുന്നതും യുപിയില്‍ ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. 73 സീറ്റുകളിലാണ് യു.പി യില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്.

അതേസമയം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കളത്തിലിറക്കി പ്രതിപക്ഷ പിന്തുണ നേടാന്‍ കോണ്‍ഗ്രസ്സും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ചന്ദ്രബാബു നായിഡു ഇതിനകം തന്നെ ശരദ് പവാര്‍, അഖിലേഷ് യാഥവ്, മായാവതി, അരവിന്ദ് കെജരിവാള്‍ എന്നീ നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും നായിഡു കണ്ടിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷമല്ലാതെ ഒരുറപ്പും നല്‍കാന്‍ ഇവരില്‍ ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല.

യെച്ചൂരിയും കെജ്‌രിവാളും മാത്രമാണ് ബി.ജെ.പിയെ പുറത്ത് നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ ഒഡീഷ പാക്കേജിന് പിന്തുണ നല്‍കുന്നവരെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്ക് തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഈ നിലപാടിനെ ബി.ജെ.പി പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ബി.ജെ.പിക്കെതിരായി ബദല്‍ സര്‍ക്കാറുണ്ടാക്കാന്‍ ഓടി നടക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നീക്കവും കാവി പടക്കാണ് തുണയാകുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ടി.ആര്‍.എസും ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലില്‍ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജു ജനതാദളിനെ പോലെ ഒരു പാക്കേജ് മുന്‍ നിര്‍ത്തിയുള്ള വിലപേശലിനാകും ഈ രണ്ട് പാര്‍ട്ടികളും തയ്യാറാകുക. കോണ്‍ഗ്രസ്സിനും മൂന്നാം ചേരിക്കും മാത്രമല്ല ബി.ജെ.പിക്കും പ്രതീക്ഷ നല്‍കുന്ന ഘടകമാണിത്.

യു.പിയില്‍ മുലായത്തെ ‘മെരുക്കാന്‍’മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തന്നെ ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്. മായാവതിയുടെ പ്രധാനമന്ത്രിപദ മോഹം തകര്‍ക്കലും ബിജെപിയുടെ അജണ്ടയാണ്. മോദി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് മുലായം പാര്‍ലമെന്റില്‍ പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

അതേസമയം, എസ്.പിയുടെ ശക്തിയായ മുസ്ലീം – യാദവ വോട്ടുകള്‍ മറന്ന് മുലായം ആത്മഹത്യാ പരമായ നിലപാട് സ്വീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. മായാവതിയേക്കാള്‍ രാഹുല്‍ ഗാന്ധിയെ എസ്.പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. അഖിലേഷുമായുള്ള രാഹുലിന്റെ സൗഹൃദമാണ് ഈ പ്രതീക്ഷക്ക് അടിസ്ഥാനം.

അപ്രതീക്ഷിതമായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്. 150 സീറ്റ് നേടിയാല്‍ പോലും മറ്റു പാര്‍ട്ടികളെ കൂട്ട് പിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാനാണ് തീരുമാനം. 100 സീറ്റില്‍ ഒതുങ്ങിയാല്‍ പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ത്ഥിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും. മുലായം സിംഗ് യാദവിനെ പോലും ഈ ഘട്ടത്തില്‍ പിന്തുണക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്.

Express Kerala View

Top