ഫാറൂഖ് അബ്ദുള്ളയെ എപ്പോള്‍ മോചിതനാക്കുമെന്ന് കേന്ദ്രത്തോട് മുലായം സിംഗ് യാദവ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ എപ്പോള്‍ മോചിതനാക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. കശ്മീരില്‍ കരുതല്‍ തടങ്കലിലാണ് ഫാറൂഖ് അബ്ദുള്ള ഇപ്പോള്‍. ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ മറുപടി പറയണമെന്ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ മുലായം സിംഗ് യാദവ് ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ സഹപ്രവര്‍ത്തകനായ ഫറൂഖ് അബ്ദുള്ളയ്‌ക്കൊപ്പമാണ് താന്‍ ഇരിക്കുന്നതെന്നും എന്നാല്‍ അദ്ദേഹമിനി എപ്പോഴാണ് മടങ്ങിവരികയെന്നും സഭയില്‍ തനിക്കൊപ്പമിരിക്കുകയെന്നും മുലായം സിംഗ് യാദവ് ചോദിച്ചു. എന്നാല്‍ ചോദ്യത്തിന് മറുപടി നല്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല ഭരണപക്ഷത്തോട് ആവശ്യപ്പെട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കരുതല്‍ തടങ്കലിലായത്.

Top