‘ഓപ്പറേഷന്‍ താമര’ ; ബംഗാളില്‍ 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ഓപ്പറേഷന്‍ താമരയിലൂടെ 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് മമതയുടെ മുന്‍ വിശ്വസ്തനും ബിജെപി നേതാവുമായ മുകുള്‍ റോയ്. മമത സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ ചാനലിലെ അഭിമുഖത്തിലാണ് മുകുള്‍ റോയി ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതിനു പിന്നാലെയാണ് തൃണമൂലിനെ ഞെട്ടിക്കുന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. പദവിയും അധികാരവും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നില്‍ വിദേശ ശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിനിടയില്‍ പോലും രാജ്യത്തുടനീളം വലിയ തോതില്‍ പണം ഒഴുകി. പലരുടെയും ബാങ്കില്‍ അനധികൃതമായി പണം എത്തി. തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നല്‍കി.വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷന്‍ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 2014ല്‍ ബംഗാളില്‍ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റും ലഭിച്ചു.

Top