മുകുള്‍ റോയ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു

കൊല്‍ക്കത്ത: ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചര്‍ച്ചകള്‍ക്കായി മുകുള്‍ റോയ് തൃണമൂല്‍ ഭവനിലെത്തി. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി. യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബി.ജെ.പി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെ ബി.ജെ.പി. അവഗണിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. തുടര്‍ന്നാണ് തൃണമൂലിലേക്ക് തിരികെ പോകാന്‍ മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ചില നേതാക്കളും തീരുമാനിച്ചത് എന്നാണ് വിവരം.

 

Top