മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ: കസ്റ്റംസിനെതിരെ മുകേഷ്

ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് സിപിഐ(എം ) കൊല്ലം പോര്‍ട്ട് ലോക്കല്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത വിവരം മുകേഷ് സോഷ്യല്‍ മീഡിയയയിലൂടെ പങ്കുവെച്ചു.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസിന്റെ വെളിപ്പെടുത്തലിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തുന്നുണ്ട്.

അതെ സമയം ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്ന രഹസ്യമൊഴി കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

Top