മുകേഷ് അംബാനി കോൺഗ്രസ്സിനൊപ്പം, മകൻ അംബാനി മോദിക്കൊപ്പവും . . !

രാഷ്ട്രീയക്കാരെ വെട്ടുന്ന ചാണക്യ തന്ത്രങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ധനികനും രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകന്‍ അനന്ദ് അംബാനിയുമാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്.

മുകേഷ് അംബാനി മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നപ്പോള്‍ അനന്ദ് അംബാനി സാക്ഷാല്‍ നരേന്ദ്ര മോദിയുടെ റാലിക്കെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സദസിലെ ആദ്യ നിരയില്‍ തന്നെയായിരുന്നു അനന്ദ് ഇരുപ്പുറപ്പിച്ചത്.

മോദിയെ കേള്‍ക്കാനും പിന്തുണക്കാനുമാണ് താന്‍ എത്തിയതെന്നാണ് പ്രാദേശിക മറാത്തി ചാനലിനോട് അദ്ദേഹം പ്രതികരിച്ചത്.നേരത്തെ മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

വീഡിയോ സന്ദേശത്തില്‍ സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളെക്കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്നും മുകേഷ് അംബാനി ചൂണ്ടിക്കാണിച്ചിരുന്നു.

ചരിത്രത്തില്‍ ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്ത് വന്നത്. സാധാരണ അംബാനി ഉള്‍പ്പെടെയുള്ള സകല കോര്‍പ്പറേറ്റുകളും തിരഞ്ഞെടുപ്പ് ഫണ്ടില്‍ സഹായം ഒതുക്കി എല്ലാ പാര്‍ട്ടികളാടും സമദൂരം പാലിക്കുകയാണ് ചെയ്യാറുള്ളത്. ഒരു പാര്‍ട്ടിക്ക് കൊടുക്കുന്ന തുക എത്രയെന്ന് മറ്റു പാര്‍ട്ടിക്കാര്‍ അറിയാത്ത രൂപത്തില്‍ രഹസ്യ ഇടപാടുകളാണ് ഇവരെല്ലാം നടത്തി വരാറുള്ളത്.

കോര്‍പ്പറേറ്റ് ഫണ്ട് ശേഖരണത്തില്‍ ബി.ജെ.പിയാണ് മുന്നില്‍ തൊട്ട് പിന്നില്‍ കോണ്‍ഗ്രസ്സ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികളും ഉണ്ട്. ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ടി.ആര്‍.എസ്, തെലങ്ക് ദേശം, ആര്‍.ജെ.ഡി, ഡി.എം.കെ, അണ്ണാ ഡി.എം.കെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ പോലും കോര്‍പ്പറേറ്റ് ധന സമാഹരണത്തില്‍ മുന്നിലാണ്.

കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വരും , ഏതൊക്കെ പാര്‍ട്ടികള്‍ നിര്‍ണ്ണായക ഘടകമാകും എന്നതിനെ ആശ്രയിച്ചാണ് സംഭാവനയുടെ വ്യാപ്തി തീരുമാനിക്കപ്പെടുന്നത്. ചില കോര്‍പ്പറേറ്റ് കമ്പനികള്‍ സ്വകാര്യ സര്‍വേ തന്നെ നടത്തിയാണ് പാര്‍ട്ടികള്‍ക്ക് ഫണ്ടുകള്‍ നല്‍കിയതെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

സഹോദരനായ അനില്‍ അംബാനിക്കെതിരെ കടുത്ത നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ച പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ തന്ത്രപരമായ നീക്കം. പരസ്യമായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് മകന്‍ അനന്തിന്റെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതില്‍ മുകേഷ് അംബാനിയ്‌ക്കെതിരെ എന്‍ഡിഎ നേതൃത്വത്തില്‍ ശക്തമായ അമര്‍ഷം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധം തണുപ്പിക്കാന്‍ കൂടിയാണ് മോദിയുടെ റാലിയ്ക്ക് മകനെ, മുകേഷ് അംബാനി പറഞ്ഞയച്ചതെന്നും ആക്ഷേപമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ കൂടിയായ അനില്‍ അംബാനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കി കൊടുത്തെന്ന് രാഹുല്‍ ഗാന്ധിയാണ് ആരോപിച്ചിരുന്നത്. റഫേല്‍ ഇടപാട് മുന്‍ നിര്‍ത്തിയായിരുന്നു ഈ ആരോപണം.

യു.പി.എ അധികാരത്തില്‍ വന്നാല്‍ ഇതു സംബന്ധമായ അന്വേഷണം നടത്തുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കുടുംബപരമായി അകല്‍ച്ചയിലായിരുന്നു എങ്കിലും കടക്കെണിയിലായ അനില്‍ അംബാനിക്ക് അടുത്തയിടെ 462 കോടി നല്‍കി സഹായിച്ചിരുന്നത് മുകേഷ് അംബാനി ആയിരുന്നു.

ടെലികോം ഉപകരണ നിര്‍മാതാവ് എറിക്‌സണ്‍ തങ്ങള്‍ക്ക് റിയലയന്‍സ് ഗ്രൂപ്പില്‍ നിന്നും ലഭിക്കാനുള്ള പണത്തിനായി നിയമനടപടി സ്വീകരിച്ചതാണ് അനില്‍ അംബാനിയെ വെട്ടിലാക്കിയിരുന്നത്.

അനില്‍ അംബാനി എറിക്‌സണ് നല്‍കാനുള്ളതില്‍ 453 കോടി രൂപ നാലാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കണം എന്നതായിരുന്നു കോടതി ഉത്തരവ്. അനില്‍ അംബാനിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു ഈ ഉത്തരവ്.

കോടതി നിഷ്‌കര്‍ഷിച്ചതിനെ തുടര്‍ന്നാണ് അംബാനിക്ക് നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നത്. റാഫേല്‍ ഇടപാടില്‍ നിക്ഷേപം നടത്താന്‍ അനില്‍ അംബാനിക്ക് പണമുണ്ടെന്നും തങ്ങള്‍ക്ക് തരാനുള്ള തുക തന്നു തീര്‍ക്കാനാണ് അവര്‍ക്ക് പ്രയാസമെന്നും എറിക്‌സണ്‍ കോടതിയില്‍ വാദിച്ചിരുന്നു.

Top