സൗരോര്‍ജ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ മുകേഷ് അംബാനി

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി സൗരോര്‍ജ മേഖലയിലും ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്പനി 8,600 കോടിയുടെ ഏറ്റെടുക്കല്‍ പദ്ധതി കൂടി പ്രഖ്യാപിച്ചു. നോര്‍വീജിയല്‍ കമ്പനി ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്സിനെ 771 ദശലക്ഷം ഡോളര്‍ നല്‍കി റിലയന്‍സ് ഏറ്റെടുത്തു. നിലവില്‍ ആര്‍ഇസി ഗ്രൂപ്പ് ചൈന നാഷണല്‍ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരില്‍ നിന്നാണ് റിലയന്‍സ് ആര്‍ഇസിയെ ഏറ്റെടുക്കുന്നത്.

സിംഗപ്പൂരിലും ആര്‍ഇസിക്ക് സോളര്‍ പാനല്‍ നിര്‍മാണ പ്ലാന്റുകളുണ്ട്. ആര്‍ഇസി കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ സോളാര്‍ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

28,50 കോടിയുടെ നിക്ഷേപമാണ് റിലയന്‍സ് നടത്തുന്നത്. 10.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡിന്റെ ഭാവി പദ്ധതി. 2030 ആകുമ്പോഴേക്കും സൗരോര്‍ജ ഉത്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.

യുഎസ് എനര്‍ജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയില്‍ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും റിലയന്‍സ് ആഗസ്തില്‍ നടത്തിയിരുന്നു. റിലയന്‍സിന്റെ പുതിയ പദ്ധതിയിലൂടെ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഹരിത എനര്‍ജി വിപണിയിലും റിലയന്‍സ് ശക്തമായ സാന്നിധ്യമാകും. സൗരോര്‍ജ മേഖലയിലെ നിക്ഷേപ പദ്ധതികള്‍ തുടരുമെന്നും റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

 

 

 

Top