ജമ്മു കശ്മീരിലും ലഡാക്കിലും പുതിയ ചുവടവെയ്പ്പുമായി റിലയന്‍സ് ഗ്രൂപ്പ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെ കശ്മീരില്‍ പുതിയ ചുവടവെയ്പ്പുമായി റിലയന്‍സ് ഗ്രൂപ്പ്.

കശ്മീരിനുള്ള പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജമ്മു കശ്മീരിനും ലഡാക്കിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലേയും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെ ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം. ബ്രോഡ്ബാന്‍ഡ് ഡാറ്റ, ലാന്‍ഡ് ഫോണ്‍, എച്ച്.ഡി കേബിള്‍ കണക്ഷന്‍ എന്നീ വിവിധ ആവശ്യങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശ്യംഖലയാണ് റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍.

സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും.

Top