രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി

രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ, യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കർ ആയ എൻവിഡിയയുമായി കൈകോർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും അർദ്ധചാലക ചിപ്പുകൾക്കും പ്രാധാന്യം നൽകികൊണ്ടുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഈ സഖ്യത്തിന് കഴിഞ്ഞേക്കും. കൂടാതെ, വിവിധ ഭാഷകളിൽ പരിശീലിപ്പിച്ചതും ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്തതുമായ വലിയ ഭാഷാ മോഡൽ എൻവിഡി നിർമ്മിച്ചേക്കും.

ഇന്ത്യയിലെ ഇന്നത്തെ വേഗതയേറിയ സൂപ്പർ കംപ്യൂട്ടറിനേക്കാൾ ശക്തമായ AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിന് കമ്പനികൾ ഒരുമിച്ച് പ്രവർത്തിക്കും എന്ന് എൻ‌വിഡി പ്രസ്താവനയിൽ പറഞ്ഞു.

സിപിയു, ജിപിയു, നെറ്റ്‌വർക്കിംഗ്, എഐ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഏറ്റവും നൂതനമായ എഐ മോഡലുകൾ സൃഷ്ടിക്കുന്നതിനുള്ള മാതൃകകളും ഉൾപ്പെടെ എൻഡ്-ടു-എൻഡ് എഐ സൂപ്പർകമ്പ്യൂട്ടർ സാങ്കേതികവിദ്യ എൻവിഡി വാഗ്ദാനം ചെയ്യുന്നു.

എഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്നതിനൊപ്പം ഉപഭോക്തൃ ഇടപെടൽ, ആക്‌സസ് എന്നിവയുടെ ചുമതല ജിയോയ്ക്കായിരിക്കും

ജിയോയും എൻവിഡിയയും ചേർന്ന് അത്യാധുനിക എഐ ക്ലൗഡ് ആർക്കിടെക്ചർ സൃഷ്ടിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ഈ അത്യാധുനിക പ്ലാറ്റ്ഫോം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതൽ എന്റർപ്രൈസ് സൊല്യൂഷനുകൾ വരെയുള്ള മേഖലകളിലുടനീളമുള്ള എഐ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കും. രാജ്യത്തുടനീളമുള്ള ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും എഐ ആക്‌സസ് ചെയ്യാനും സാധിക്കുന്നതിലൂടെ ഇന്ത്യ മുന്നേറും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top