മകന് വേണ്ടി ആഡംബര വില്ല സ്വന്തമാക്കി മുകേഷ് അംബാനി

ദുബൈ: ഇളയ മകൻ ആനന്ദ് അംബാനിക്കായി ദുബൈയിൽ ആഡംബര വില്ല സ്വന്തമാക്കി റിലയൻസ് മേധാവി മുകേഷ് അംബാനി. ദുബൈയിലെ ബീച്ചിന് സമീപത്തായുള്ള പാം ജുമൈറയിലെ വില്ലയാണ് മുകേഷ് അംബാനി വാങ്ങിയതെന്നാണ് റിപ്പോർട്ട്. പാം ജുമൈറയിലെ വടക്കൻ മേഖലയിലാണ് ഈ വില്ല സ്ഥിതിചെയ്യുന്നത്.80 മില്യൻ ഡോളർ (ഏകദേശം 639 കോടി രൂപ) നൽകിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 10 കിടപ്പുമുറികൾ, ഒരു സ്വകാര്യ സ്പാ, ഇൻഡോർ-ഔട്ട്‌ഡോർ പൂളുകൾ എന്നിവയെല്ലാം ഈ വില്ലയിലുണ്ട്.

ഈ വർഷം ആദ്യത്തിലാണ് അംബാനി വില്ല വാങ്ങിയത്. അതിസമ്പന്നരായ ബിസിനസുകാരെയും സെലിബ്രിറ്റികളെയും ആകർഷിക്കുന്നതിനായി വിദേശികൾക്ക് ദീർഘകാല ഗോൾഡൻ വിസകൾ, വിട്ടുടമസ്ഥതയിലെ നിയന്ത്രണങ്ങളിൽ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങൾ യുഎഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാറൂഖ് ഖാൻ തുടങ്ങിയവർക്ക് പാം ജുമൈറയിൽ വില്ലകളുണ്ട്.

Top