ലോകധനിക പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്

ന്യൂഡല്‍ഹി: മുകേഷ് അംബാനിക്ക് ലോക ധനിക പട്ടികയില്‍ ഒന്‍പതാം സ്ഥാനം. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് 64.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി ഒന്‍പതാമത് എത്തിയത്. ഗൂഗിള്‍ സഹ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പത്തും 11ഉം സ്ഥാനങ്ങളില്‍.

സറ സ്ഥാപകന്‍ അമന്‍സിയോ ഒര്‍ട്ടേഗയാണ് അംബാനിക്ക് തൊട്ട് മുന്നിലുള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇതേ പട്ടികയില്‍ 21ാം സ്ഥാനത്തായിരുന്നു അംബാനി. അന്ന് 36.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്. അന്ന് ലാറി പേജ് 13ാം സ്ഥാനത്തും ബ്രിന്‍ 14ാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ പിന്നീട് മൂലധന വിപണിയില്‍ റിലയന്‍സ് ഇന്റസ്ട്രീസ് 11 ലക്ഷം കോടിയുടെ ആസ്തിയാണ് കൈവരിച്ചത്.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം എക്കാലത്തെയും ഉയര്‍ന്ന 1788.60 രൂപയിലെത്തി നില്‍ക്കുകയാണ്. വെള്ളിയാഴ്ച ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തനം അവസാനിച്ചപ്പോഴത്തെ കണക്കാണിത്. മാര്‍ച്ച് മാസത്തില്‍ കമ്പനിക്ക് 1.61 ലക്ഷം കോടിയുടെ കടബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 24.7 ശതമാനം നിക്ഷേപം കണ്ടെത്തിയതോടെ 1.68 ലക്ഷം കോടി നിക്ഷേപം സമാഹരിക്കാന്‍ റിലയന്‍സിന് സാധിച്ചു.

Top