അംബാനിക്ക് കാതോര്‍ത്ത് ലോകം; 5ജി പ്രഖ്യാപനം ഉടന്‍

മുംബൈ: ലോക കോടീശ്വരന്മാരില്‍ ആറാമനായ മുകേഷ് അംബാനിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം.

ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യവും 5ജി സേവനം നല്‍കുന്നതിന്റെ പ്രഖ്യാപനവും പൊതുയോഗത്തില്‍ പ്രതീക്ഷിക്കാം. സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം യോഗത്തില്‍ ഉണ്ടായേക്കും. ഇ-കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടിന്റെ അതിവേഗ വളര്‍ച്ചാസാധ്യതകളും യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം. ഇന്‍ഷുറന്‍സ് ബ്രോക്കിങ്, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങള്‍ പുതിയതായി തുടങ്ങിയേക്കാം.

38 കോടിയിലേറെ വരിക്കാരുള്ള ജിയോയും 11,784 സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയിലും ഇത്തരം സേവനങ്ങള്‍ എളുപ്പത്തില്‍ നല്‍കാനുള്ള സാധ്യത കമ്പനിക്ക് നല്‍കുന്നു.

500 വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം വരുന്ന ഓഹരി ഉടമകള്‍ക്ക് ഓണ്‍ലൈനായി യോഗത്തില്‍ ഒരേസമയം പങ്കെടുക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. രണ്ടു മണിക്കാണ് വാര്‍ഷിക പൊതുയോഗം ആരംഭിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും യുട്യൂബിലും തത്സമയം സംപ്രേഷണം ഉണ്ടാകും.

Top