ആമസോണ്‍, ടെസ്‌ല വമ്പന്മാര്‍ക്കൊപ്പം 100 ബില്യണ്‍ പട്ടികയില്‍ മുകേഷ് അംബാനിയും

മുംബൈ: അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് മുകേഷ് അംബാനിയും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും, ബില്‍ഗേറ്റ്‌സ്, ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനുമൊപ്പമാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം.

100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി പട്ടികയിലേക്ക് എത്തിയത്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ ഉണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 23.8 ബില്യണ്‍ ഡോളിന്റെ വര്‍ധനയുണ്ടായി.

2005ലാണ് പിതാവ് ധീരുഭായ് അംബാനിയുടെ എണ്ണ, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ മുകേഷ് അംബാനി ഏറ്റെടുത്തത്. പിന്നീട് റീടെയില്‍, ടെക്‌നോളജി, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.

2016ല്‍ റിലയന്‍സ് ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്. ഇനി ഊര്‍ജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അംബാനി.

Top