‘ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ച് പിടിച്ചു’; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി വീണ്ടും മുകേഷ് അംബാനി

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി. വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ സമ്പത്ത് 2.76 ബില്യൺ ഡോളറിലധികം ഉയർന്നതോടെ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി 12-ാം സ്ഥാനത്തേക്ക് എത്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.

ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 18 ലക്ഷം കോടി കവിഞ്ഞു. ഓയിൽ-ടു-ടെലികോം കമ്പനിയുടെ ഓഹരികളിൽ കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം മുകേഷ് അംബാനി കുറഞ്ഞത് 100 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ആഗോള വ്യവസായികളായ സെന്റി ബില്യണയർമാരുടെ എലൈറ്റ് ക്ലബ്ബിൽ ചേർന്നു.

ഇന്നലെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്ന് 2,724.95 രൂപയിലെത്തി, ഒടുവിൽ 2.58 ശതമാനം ഉയർന്ന് 2,718.40 രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വിപണി മൂലധനം 18.40 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി സ്റ്റോക്ക് 5 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം ഉയർന്നു.

Top