ആസ്തിയില്‍ സുക്കര്‍ബര്‍ഗിനെ കടത്തിവെട്ടി മുകേഷ് അംബാനിയും ഗൗതം അദാനിയും

ഡല്‍ഹി: ഫേസ്ബുക്ക് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുന്‍നിരക്കാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ ഓഹരിവില കഴിഞ്ഞ ദിനം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്.

സ്‌റ്റോക്ക് മാര്‍ക്കറ്റിലെ കനത്ത ഇടിവ് കാരണം സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്ല്യണേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ആസ്തി 90.1 ബില്ല്യണ്‍ ഡോളറും അംബാനിയുടെ ആസ്തി 90 ബില്ല്യണ്‍ ഡോളറുമാണ്. സ്‌റ്റോക്ക് ഇടിവ് കാരണം സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ചരിത്രത്തില്‍ ഒരു യുഎസ് കോര്‍പ്പറേറ്റ് കമ്പനി ഒറ്റദിനം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് സുക്കര്‍ബര്‍ഗിനുണ്ടായത്. 200 ബില്യണ്‍ ഡോളറിലധികമാണ് ഒറ്റദിനം കൊണ്ടുണ്ടായ നഷ്ടം. സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ വിപണി മൂല്യത്തില്‍ 12.8 ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌കിനുണ്ടായ 35 ബില്ല്യണ്‍ ഡോളര്‍ നഷ്ടമാണ് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടം. 2015ന് ശേഷം ആദ്യമായാണ് സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നപ്പട്ടികയുടെ ആദ്യ പത്തില്‍ നിന്ന് പുറത്താകുന്നത്.

നിലവില്‍ 84.3 ബില്യണ്‍ യുഎസ് ഡോളറുള്ള അദ്ദേഹത്തിന്റെ ആസ്തിയില്‍ 30 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 2ന് മെറ്റയുടെ സ്‌റ്റോക്ക് 20 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍, ഇന്ത്യയിലെ കുതിച്ചുയരുന്ന ഡാറ്റാ നിരക്കുകള്‍ കാരണം സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് പരസ്യമാണ്.

ആപ്പിള്‍ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതും ഐഒഎസ്, മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍, ടിക് ടോക്ക് പോലുള്ള എതിരാളികള്‍ എന്നിവയാണ് നഷ്ടത്തിന് കാരണമെന്ന് സക്കര്‍ബര്‍ഗ് കുറ്റപ്പെടുത്തി. വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തന്റെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ ഡാറ്റാ വിലയിലുണ്ടായ വര്‍ധനവും നഷ്ടത്തിന് കാരണമായി സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

Top