വിദ്യാര്‍ഥിയെ ശകാരിച്ച സംഭവത്തില്‍ ഗൂഢാലോചനയെന്ന് മുകേഷ്

കൊല്ലം: വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തെരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തി. പാലക്കാട് എംഎല്‍എ ആരെന്നറിയില്ലെന്ന കുട്ടിയുടെ മറുപടി തന്നെ ചൊടിപ്പിച്ചു. വിഷയത്തില്‍ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും എം മുകേഷ് എംഎല്‍എ വ്യക്തമാക്കി.

തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതു തന്നെയാണെന്നു പറഞ്ഞ മുകേഷ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ രാഷ്ട്രീയമായ ലക്ഷ്യമാണെന്നും വ്യക്തമാക്കി. തന്നെ വിളിച്ച കുട്ടി നിഷ്‌ക്കളങ്കനെങ്കില്‍ എന്തിനു ഫോണ്‍ റെക്കോര്‍ഡ് ചെയ്‌തെന്നു ചോദിച്ച മുകേഷ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുകേഷ് വ്യക്തമാക്കി.

കുട്ടിനിരന്തരമായി വിളിച്ചത് പ്രകോപനമുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരേ സംഘടിതമായ ആക്രമണം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം നിരന്തരം ആളുകളും കുട്ടികളും വിളിക്കുന്നു. പത്താം ക്ലാസുകാരനായ കുട്ടി ആറു തവണയാണ് വിളിച്ചത്. താനൊരു അടിയന്തരമീറ്റിംഗിലാണെന്നും തിരിച്ചങ്ങോട്ടു വിളിക്കാമെന്നു പറഞ്ഞിട്ടും പിന്നെയും വിളിച്ചു ശല്യപ്പെടുത്തുകയായിരുന്നു.

അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ശകാരിക്കുന്ന മുകേഷിന്റെ ഓഡിയോ വൈറലാകുകയായിരുന്നു.

Top