മണ്ഡലകാലത്തിനു മുമ്പ് റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തിന് മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൈക്കോടതി നിര്‍ദേശിച്ച റോഡുകളുടെ നവീകരണത്തിന് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. 243.82 കോടി രൂപ പ്രൊപ്പോസല്‍ വരുന്ന 189 ലീഡിങ് റോഡുകളുടെ പദ്ധതി നിര്‍ദേശം എം.എല്‍.എമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം മുന്‍ഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും.സുഗമമായ തീര്‍ഥാടനത്തിന് ട്രാഫിക്ക് സുരക്ഷ പ്രധാനമാണെന്നും അതിനുവേണ്ട നടപടികള്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 

Top