എവര്‍റോളിംഗ് ട്രോഫി മത്സരിച്ച് നേടലല്ല, കുതിരാന്റെ രണ്ടാം ടണല്‍ തുറക്കലാണ് ഞങ്ങളുടെ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എവര്‍റോളിംഗ് ട്രോഫി മത്സരിച്ച് നേടലല്ല, കുതിരാന്റെ രണ്ടാം ടണല്‍ തുറക്കലാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘എല്‍ഡിഎഫ് സര്‍ക്കാറില്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് 2021 മെയ് 20 നാണ്. അന്നുമുതല്‍ കുതിരാന്‍ തുരങ്കം പണി പൂര്‍ത്തിയാക്കി നാടിനു തുറന്നുകൊടുക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമാക്കിയിരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണപ്രവൃത്തി വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു എന്നത് ജനങ്ങളില്‍ ദേശീയപാത അതോറിറ്റിയോടും കരാര്‍ കമ്പനിയോടും കടുത്ത നീരസം സൃഷ്ടിച്ചിരുന്നു.

2009 ല്‍ ദേശീയപാതാ അതോറിറ്റി തുടക്കമിട്ട പദ്ധതിയാണ് കാലങ്ങളായി മന്ദഗതിയില്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയും കാലതാമസം ഒരു പ്രവൃത്തിക്കും അനുവദിക്കാന്‍ കഴിയില്ല. അത് പൊതുജനങ്ങളെ വെല്ലുവിളിക്കലാണ്. ഒരു സാമൂഹ്യപ്രശ്‌നമായി ഈ വിഷയം മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദേശീയപാത അതോറിറ്റിയാണ് നിര്‍മ്മാണം നടത്തുന്നതെങ്കിലും പ്രശ്‌നം പരിഹരിക്കല്‍ കേരള സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമായി കാണുകയായിരുന്നു. അങ്ങനെയാണ് പദ്ധതിയുടെ പൂര്‍ത്തീകരണം ഒരു ദൗത്യമായി തന്നെ ഏറ്റെടുത്തതെന്ന്’ റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എല്‍ഡിഎഫ് സര്‍ക്കാറില്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് 2021 മെയ് 20 നാണ്. അന്നുമുതല്‍ കുതിരാന്‍ തുരങ്കം പണി പൂര്‍ത്തിയാക്കി നാടിനു തുറന്നുകൊടുക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമാക്കിയിരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണപ്രവൃത്തി വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു എന്നത് ജനങ്ങളില്‍ ദേശീയപാത അതോറിറ്റിയോടും കരാര്‍ കമ്പനിയോടും കടുത്ത നീരസം സൃഷ്ടിച്ചിരുന്നു. 2009 ല്‍ ദേശീയപാതാ അതോറിറ്റി തുടക്കമിട്ട പദ്ധതിയാണ് കാലങ്ങളായി മന്ദഗതിയില്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയും കാലതാമസം ഒരു പ്രവൃത്തിക്കും അനുവദിക്കാന്‍ കഴിയില്ല. അത് പൊതുജനങ്ങളെ വെല്ലുവിളിക്കലാണ്. ഒരു സാമൂഹ്യപ്രശ്‌നമായി ഈ വിഷയം മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദേശീയപാത അതോറിറ്റിയാണ് നിര്‍മ്മാണം നടത്തുന്നതെങ്കിലും പ്രശ്‌നം പരിഹരിക്കല്‍ കേരള സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമായി കാണുകയായിരുന്നു. അങ്ങനെയാണ് പദ്ധതിയുടെ പൂര്‍ത്തീകരണം ഒരു ദൗത്യമായി തന്നെ ഏറ്റെടുത്തത്.

കുതിരാന്‍ ടണല്‍ നിര്‍മിക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ പ്രവൃത്തിക്ക് വേഗം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന പരിശോധനയാണ് പിന്നെ നടത്തിയത്. തുടര്‍ന്ന് 2021 ജൂണില്‍ തൃശൂര്‍ ജില്ലയിലെ മന്ത്രിമാര്‍ക്കൊപ്പം കുതിരാനിലെത്തി പ്രശ്‌നങ്ങള്‍ പഠിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി അതിവേഗം മുന്നോട്ട് കൊണ്ടുപോകാന്‍ സ്വീകരിച്ച നടപടികളും മനസിലാക്കി. തടസ്സങ്ങള്‍ തിരിച്ചറിഞ്ഞു.

ഒന്നാം ടണല്‍ തുറക്കാന്‍ കൃത്യമായ ടൈംലൈന്‍ ഉണ്ടാക്കുകയും ബഹു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ടൈംലൈനിന് അംഗീകാരം വാങ്ങുകയും ചെയ്തു. പിന്നീട് ഓരോ ആഴ്ചയും പൊതുമരാമത്ത് വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി. ജില്ലയിലെ മന്ത്രിമാര്‍ ജനപ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം കൂട്ടായ പരിശ്രമത്തിലൂടെ പ്രവൃത്തി വേഗത്തിലാക്കിയും ഓരോ പ്രശ്‌നത്തിലും ഇടപെട്ട് പരിഹരിച്ചും ഒരു നോഡല്‍ ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തിയുമാണ് ഒന്നാം ടണല്‍ നിശ്ചയിച്ച സമയത്ത് തന്നെ തുറന്നു കൊടുക്കാന്‍ സാധിച്ചത്.

ഒന്നാം ടണല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും രണ്ടാം ടണല്‍ തുറക്കലാണ് മുന്നിലുള്ള ലക്ഷ്യമെന്നും അന്നുതന്നെ വ്യക്തമാക്കിയതാണ്. രണ്ടാം ടണല്‍ പൂര്‍ത്തിയാക്കാനും ഒരു ടൈംലൈന്‍ ഉണ്ടാക്കിയിരുന്നു. 2021 ഓഗസ്റ്റ് 7 ന് തന്നെ രണ്ടാം ടണല്‍ പ്രവൃത്തി പുരോഗതി വിലയിരുത്തി യോഗം ചേര്‍ന്നു. പിന്നീട്
2021 സെപ്റ്റംബര്‍ 30,
ഒക്ടോബര്‍ 10,
ഒക്ടോബര്‍ 13,
ഡിസംബര്‍ 10,
ഡിസംബര്‍ 16,
2022 ജനുവരി 05 തീയതികളില്‍ വിവിധ യോഗങ്ങള്‍ നേരിട്ട് നടത്തി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച യോഗത്തിലും കുതിരാന്‍ പ്രധാന വിഷയമാക്കി. പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉന്നതല യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മന്ത്രി കെ രാജന്‍, ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ കളക്ടര്‍ എന്നിവരെ ഇക്കാര്യത്തില്‍ ഇടപെടുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ കൂട്ടായ ശ്രമമാണ് ഇപ്പോഴും നടത്തിവരുന്നത്.

വികസന കാര്യത്തില്‍ കുതിരാനില്‍ ഉണ്ടായ കൂട്ടായ്മ മാതൃകയാണ്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും വിവാദങ്ങളിലാണ് കണ്ണ്. ഈ സര്‍ക്കാറിന് അതില്‍ താല്പര്യമില്ല. നാടിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ആര് ചെയ്യുന്നു എന്ന് സ്ഥാപിക്കാനോ അതിലൂടെ എവര്‍റോളിംഗ് ട്രോഫി ലഭിക്കുവാനോ വേണ്ടിയുള്ള മത്സരമായിട്ടല്ല ഇതിനെ കാണുന്നത്. ദീര്‍ഘകാലമായുള്ള ഒരു പ്രശ്‌നം പരിഹരിച്ച് വികസനം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

രണ്ടാം ടണലും അനുബന്ധ റോഡുകളും പൂര്‍ത്തിയാക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതിന് ഇനിയും സഞ്ചരിക്കാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ഈ ടീം വര്‍ക്ക് തുടരും. രണ്ടാം ടണലിന്റെ റോഡ് നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ന് രണ്ടാം തുരങ്കം ഭാഗികമായി തുറന്നത്. രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണ സജ്ജമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി. രണ്ടാം ടണലിന്റെ പ്രവൃത്തി പരിപൂര്‍ണമായി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുംവരെ ദേശീയപാതാ അതോറ്റിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിലയിലും മുന്നോട്ട് പോകും.

– പി എ മുഹമ്മദ് റിയാസ്‌

Top