exclusive:രാജ്യസഭ; സിപിഎം പരിഗണനയിൽ ബേബി, നടൻ മമ്മൂട്ടി, മുഹമ്മദ് റിയാസ് എന്നിവർ

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഇനി കേരളത്തില്‍ നിന്നും വരുന്ന ഒഴിവുകളിലേക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി,നടന്‍ മമ്മൂട്ടി,ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരെ സി പി എം പരിഗണിച്ചേക്കുമെന്ന് സൂചന.

സിപിഎം കേന്ദ്ര നേതൃത്ത്വത്തിലെ പ്രമുഖ നേതാവാണ് ഇതുസംബന്ധമായ സൂചന നല്‍കിയത്.

തിരഞ്ഞെടുപ്പിന് സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും അതുവരെ ഏത് പേരുകള്‍ ചര്‍ച്ച ചെയ്യാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യസഭയിലേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്. നിങ്ങള്‍ സൂചിപ്പിച്ചവരും അക്കൂട്ടത്തില്‍പ്പെടും’ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും കേന്ദ്ര നേത്യത്വത്തിലും ഒരു അഭിപ്രായ വ്യത്യാസത്തിനും സാധ്യതയില്ലന്നും സിപിഎം നേതാവ് പറഞ്ഞു.

കേരളത്തിന് ഒന്‍പത് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിനും, ലീഗിനും ജെഡിയുവിനും കേരള കോണ്‍ഗ്രസ്സ് എമ്മിനും ഓരോ സീറ്റ് വീതവുമാണ് ഉള്ളത്. മൂന്ന്‌സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്.

കോണ്‍ഗ്രസ്സിന്റെ രാജ്യസഭാംഗങ്ങള്‍ എകെ ആന്റണി, പിജെ കുര്യന്‍, വയലാര്‍ രവി എന്നിവരാണ്. ഇതില്‍ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ 2നും, പിജെ കുര്യന്റേത് 2018 ജൂലൈ 1നും, വയലാര്‍ രവിയുടേത് 2021 ഏപ്രില്‍ 21നുമാണ് അവസാനിക്കുക.

മുസ്ലീംലീഗിനെ പ്രതിനിധീകരിക്കുന്നപി വി അബ്ദുള്‍ വഹാബിന്റെ കാലാവധി അവസാനിക്കുന്നത് 2021 ഏപ്രില്‍ 21നാണ്.

കേരള കോണ്‍ഗ്രസ്സ് എമ്മിലെ ജോയ് എബ്രഹാമിന്റെ കാലാവധി 2018 ജൂലൈ 1നും ജെഡിയുവിലെ എംപി വീരേന്ദ്രകുമാറിന്റെ കാലാവധി 2022 ഏപ്രില്‍ 2നുമാണ് അവസാനിക്കുക.

സി പി നാരായണന്‍, കെ സോമപ്രസാദ്, കെ കെ രാഗേഷ് എന്നിവരാണ് ഇടത്പക്ഷത്തിന്റെ നിലവിലെ രാജ്യസഭാംഗങ്ങള്‍. ഇതില്‍ സി പി നാരായണന്റെ കാലവധി 2018 ജൂലൈ ഒന്നിന് അവസാനിക്കും. കെ സോമപ്രസാദിന്റെ കാലാവധി 2022 ഏപ്രില്‍ 2നും, കെ.കെ രാഗേഷിന്റേത് 2021 ഏപ്രില്‍ 21നുമാണ് അവസാനിക്കുക.

യുഡിഎഫിന്റെ കൈവശമുള്ള രണ്ട് സീറ്റിലേക്കും ഇടത്പക്ഷത്തിന്റെ കൈവശമുള്ള ഒരു സീറ്റിലേക്കുമാണ് 2018ല്‍ ഒഴിവ് വരുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ ഭൂരിപക്ഷം നോക്കിയാല്‍ രണ്ട് പേരെ തിരഞ്ഞെടുത്ത് അയക്കാന്‍ ഇടത്പക്ഷത്തിന് എന്തായാലും നിഷ്പ്രയാസം കഴിയും.

ഇപ്പോള്‍ പരിഗണിക്കുന്ന മൂന്നുപേരില്‍ ‘നറുക്കു വീഴാത്തവരെ’ അടുത്തു വരുന്ന ഒഴിവിലായിരിക്കും പരിഗണിക്കുക.മമ്മൂട്ടിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

Top