ഡി വൈ എഫ് ഐ നടത്തിയ ബീഫ് ഫെസ്റ്റ് ബീഫ് ‘തീറ്റ’ മത്സരമായിരുന്നില്ലെന്ന് റിയാസ്

ണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് സമരം സംഘപരിവാര്‍ പ്രചരണത്തെ സഹായിക്കാനെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു മാടിനെ പരസ്യമായി അറത്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ സമരാഭാസം സംഘപരിവാര്‍ രാജ്യവ്യാപകമായി ഇപ്പോള്‍ നടത്തി കൊണ്ടിരിയ്ക്കുന്ന പ്രചരണങ്ങളെ സഹായിക്കുക മാത്രമേ ചെയ്യൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിവൈഎഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റ് ബീഫ് തീറ്റ മത്സരമായിരുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു മാടിനെ പരസ്യമായി അറത്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ സമരാഭാസം സംഘപരിവാര്‍ രാജ്യവ്യാപകമായി ഇപ്പോള്‍ നടത്തി കൊണ്ടിരിയ്ക്കുന്ന പ്രചരണങ്ങളെ സഹായിക്കുക മാത്രമേ ചെയ്യൂ.
ഈ ‘പ്രകടന’ത്തിനു തൊട്ടു പിന്നാലെ DYFI, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ കശാപ്പുക്കാരാണെന്ന കുമ്മനത്തിന്റെ വ്യഗ്രതയിലുള്ള പ്രസ്താവന, ഇത് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു അജണ്ടയുടെ ഭാഗമാണോ ഈ സമരം എന്ന സംശയം ബലപ്പെടുത്തുന്നു.
DYFI നടത്തിയ ബീഫ് ഫെസ്റ്റ് ഒരു ബീഫ് തീറ്റ മത്സരമായിരുന്നില്ല. പൗരന്റെ ഭക്ഷ്യ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന RSS അതിക്രമത്തിനെതിരെയുള്ള മാംസാഹാരികളുടെയും, സസ്യാഹാരികളുടെയും, ബീഫ് കഴിക്കാത്തവരുടെയുമെല്ലാം പ്രതിഷേധക്കൂട്ടായ്മ ആയിരുന്നു. ശിവസേന മുംബൈയില്‍,റമളാന്‍ മാസത്തില്‍ ഒരു മുസ്ലിം കാറ്ററിംഗ് തൊഴിലാളിയുടെ വായില്‍ ചപ്പാത്തി തിരുകി കയറ്റിയ പോലെ, ബീഫ് കഴിക്കാത്തവരെ നിര്‍ബന്ധിച്ച് അത് കഴിപ്പിക്കല്‍ അല്ല DYFI യുടെ സമര രീതി. അതു കൊണ്ടു തന്നെയാണ് DYF1 സമരത്തിന് അഭൂതപൂര്‍വ്വമായ പിന്തുണ ലഭിച്ചത്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ കശാപ്പു സമരം, ഗോവധത്തെ കുറിച്ചുള്ള സംഘപരിവാരത്തിന്റെ പ്രചരണങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സാധൂകരണവും പ്രോത്സാഹനവും നല്‍കുന്നതാണ്. ബിഹാറും മധ്യപ്രദേശുമടക്കം നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് ഗോവധ നിരോധനം നടപ്പിലാക്കിയത് എന്ന ചരിത്ര വസ്തുത, യൂത്ത് കോണ്‍ഗ്രസുകാര്‍ മറന്നാലും ഈ രാജ്യത്തെ ജനങ്ങള്‍ മറക്കുകയില്ല.
ഇന്ന് കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി എടുക്കുന്ന നിലപാടും അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എടുത്ത നിലപാടും, കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് കരിദിനം സംഘടിപ്പിക്കുന്ന UDF നേതൃത്വത്തിനു ഓര്‍മ്മ യുണ്ടായിരിക്കുന്നത് നല്ലതാണ്. ഈ പ്രതിഷേധങ്ങളുടെ കുത്തകയോ ട്രേഡ് മാര്‍ക്കോ അവകാശപ്പെടാന്‍ DYFI ഉദ്ദേശിക്കുന്നില്ല. പൗരാവകാശങ്ങളെ ഇല്ലാതാക്കുന്ന അപകടം നിറഞ്ഞ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ മനസുകൊണ്ടെങ്കില്ലും നിലപാടെടുക്കുന്ന എല്ലാവര്‍ക്കും സ്വീകാര്യമായ സമര രീതികളാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്

Top