കാൾ മാർക്സിന്റെ ജന്മദിനം ഇന്ത്യയിൽ കുറുക്കുവഴി തേടുന്നവരെ ഓർമ്മിപ്പിക്കുന്നത്‌ . .

ന്ത്യയില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് മാര്‍ക്‌സിന്റെ വിപ്ലവാത്മകമായ തത്വശാസ്ത്രം ഉത്തരം നല്‍ക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച തത്വചിന്തകനായ കാള്‍ മാര്‍ക്‌സിന്റെ 199ആം ജന്മവാര്‍ഷിക ദിനത്തില്‍, ലോകമെമ്പാടുമുള്ള മുതലാളിത്ത വ്യവസ്ഥയെ പിടിച്ചുലച്ച 2008ലെ ആഗോളസാമ്പത്തിക പ്രതിസന്ധി സമയത്ത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സമകാലിക പ്രസക്തിയുണ്ടെന്നു മാര്‍ക്ക്‌സിസ്റ്റ് വിരോധികള്‍ പോലും അംഗീകരിച്ചത് പോലെ, ഇന്ത്യയില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് മാര്‍ക്‌സിന്റെ വിപ്ലവാത്മകമായ തത്വശാസ്ത്രം ഉത്തരം നല്‍ക്കുന്നുണ്ടെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്രം, കര്‍ഷക ആത്മഹത്യ, വ്യവസായ തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാനും, ഇവക്കൊക്കെ കാരണമായ നവ ഉദാരവല്‍കരണ നയത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ചു ദുര്‍ഭലപ്പെടുത്തുവാനുള്ള നയത്തിന്റെ വക്താക്കളുടെ തന്ത്രം കൂടിയാണ് മതവര്‍ഗീയത, ജാതീയത,വംശീയത എന്ന യാഥാര്‍ത്യം പരിപൂര്‍ണമായി ജനങ്ങളെ ബോധ്യപ്പെടുത്താനാകാതെ പോകുന്നതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും റിയാസ് ഓര്‍മ്മിപ്പിച്ചു.

പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നമായ മതവര്‍ഗീയതക്കെതിരെയുള്ള ചെറുത്തുനില്‍്പിനെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരവുമായി കോര്‍ത്തിണക്കാതെ പോകുന്നത് ആശാസ്ത്രീയമാണ്. ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിലൂടെ അപകടകരമായ ആശയം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനെ ചെറുക്കുവാന്‍ തിരഞ്ഞെടുപ്പ് അടുപ്പിച്ചു എല്ലാവരും കൈ കോര്‍ത്തതു കോണ്ട് സാധിക്കില്ല. നവഉദാരവല്‍ക്കരണ നയത്തിനെതിരേയും, നോട്ട് നിരോധനത്തിനെതിരേയും ഉത്തര്‍പ്രദേശില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാത്ത എസ്പി, ബിഎസ്പി എന്നിവയ്ക്കു ഏറ്റ തിരിച്ചടി മേല്‍ പറഞ്ഞ വാദങ്ങള്‍ക്കുള്ള സമീപകാല ഉദാഹരണമാണ്.

ഈ ‘ചെകുത്താന്റെ’നയം രാജ്യത്തു കൊണ്ട് വരികയും, ഇപ്പോഴും പിന്തുണയ്ക്കുകയും, മൃദുഹിന്ദുത്വ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാളിച്ചകള്‍ തിരുത്താതെ മോദി സര്‍ക്കാര്‍ വിരുദ്ധ കൂട്ടായ്മയുടെ പേരില്‍ ഈ പോരാട്ടത്തില്‍ അണിനിരക്കുന്നത് ,ജനങ്ങള്‍ക്കിടയില്‍ പോരാട്ടത്തിന്റെ വിശ്വാസ്യതയില്‍ സംശയം സൃഷ്ടിക്കുമെന്നും റിയാസ് ആരോപിച്ചു.

കുറുക്കുവഴികളല്ല, മോദി ഭക്തരുടെ വീട്ടിലുള്ളവരെ കൂടി ബോധ്യപ്പെടുത്തുന്ന ജനവിരുദ്ധനയതിനെതിരെ ഉള്ള ക്യാമ്പയിനും,പോരാട്ടവുമാണ്ഇന്ത്യയില്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഉയരേണ്ടതെന്നു മാര്‍ക്‌സിന്റെ വിപ്ലവാത്മകമായ തത്വശാസ്ത്രം അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

Top