ആത്മീയ വ്യവസായത്തിനെതിരെ നിയമ നിര്‍മ്മാണം വേണമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: ആത്മീയ വ്യവസായത്തിനെതിരെ ദേശീയ നിയമ നിര്‍മ്മാണം അനിവാര്യമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്.

തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ള സന്ന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതെയിരിക്കണമെങ്കില്‍ രോഗലക്ഷണത്തിന് അല്ല, രോഗത്തിനു തന്നെ ചികിത്സ നല്‍കേണ്ടതുണ്ടെന്നും കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതെയിരിക്കണമെങ്കില്‍, രോഗലക്ഷണത്തിന് അല്ല, രോഗത്തിനു തന്നെ ചികിത്സ നല്‍കേണ്ടതുണ്ട്.
കോര്‍പറേറ്റ് വല്‍ക്കരണം മൂലമുണ്ടായ അസമത്വം മനുഷ്യരില്‍ വലിയ നിരാശകളും ദുരിതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
നിരാശാ വാദികളില്‍ ‘രക്ഷക’ വേഷം അണിഞ്ഞ് ആള്‍ദൈവങ്ങള്‍ വിത്യസ്ത മതങ്ങളുടെ പേരില്‍ പെരുകുന്നുമുണ്ട്. ആത്മീയ വ്യവസായം കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി മനുഷ്യരുടെ ജീവിത പ്രയാസങ്ങളെ കച്ചവടച്ചരക്കാക്കി കണ്ട് മുന്നേറുകയാണ്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു സ്‌ക്രൂട്ടിനി സംവിധാനം ഏര്‍പ്പെടുത്തിയേ മതിയാവൂ. കേരളത്തെക്കാള്‍ എത്രയോ വ്യാപകമാണ് ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ആത്മീയ വ്യവസായം.
നാം പുറത്തറിഞ്ഞതും അറിയാത്തതുമായ നിരവധി ചൂഷണ പരമ്പരകളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ആശാറാം ബാപ്പു, നാരായണ്‍ സായി, രാംപാല്‍, സ്വാമി നിത്യാനന്ദ, മഹാഋഷി മഹേഷ് യോഗി,
ഫാദര്‍ റോബിന്‍ ,ബാബ ഗുര്‍മ്മീത് റാം റഹീം സിംഗ്,അടുക്കത്ത് നജ്മ
തുടങ്ങി നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളില്‍ രാജ്യത്താകെ പിടിക്കപ്പെട്ടിട്ടുള്ളത്. ഇവരെയൊക്കെ സംരക്ഷിക്കുവാന്‍ വലതുപക്ഷ രാഷ്ട്രീയ സംഘടനകള്‍ എന്നും ശ്രമിച്ചിട്ടുമുണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരക്കാരെ വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളാണ്. സ്വാമി ഗംഗാനേന്ദ തീര്‍ഥപദിയുടെ വിഷയത്തില്‍ ഒറ്റപ്പെടുമെന്ന ഭയത്താല്‍ ,പരസ്യമായി അയാളെ സംരക്ഷിക്കുന്നതിനു പകരം രണ്ടു രീതിയിലുള്ള അടവുനയമാണ് സംഘ പരിവാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. ആദ്യത്തേത്,പൊതു വത്ക്കരിച്ച് പ്രശ്‌നത്തെ ലഘൂകരിക്കുക എന്നതാണെങ്കില്‍,
ഇത്തരത്തില്‍ ഉള്ള ഒരു വിഷയത്തേ പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുക എന്നതാണ് അപകടകരമായ മറ്റൊരു
സമീപനം.
മറ്റു മതങ്ങളുടെ പേരില്‍ വിലസുന്ന ആത്മീയ വ്യവസായങ്ങള്‍ക്ക് പുരോഗമന പ്രസ്ഥാനങ്ങളും പൊതു സമൂഹവും ഇളവ് നല്‍കുന്നു എന്നതാണ് അവര്‍ ഉയര്‍ത്തുന്ന വാദം. വിത്യസ്ത മതങ്ങളുടെ പേരുപയോഗിക്കാറുള്ള ഇത്തരം തട്ടിപ്പു വീരന്മാരെ മുഖം നോക്കാതെ ചെറുക്കാറുള്ള പുരോഗമന പ്രസ്താനങ്ങള്‍ക്കെതിരെയുള്ള ഇത്തരം കുപ്രചരണം പൊതു സമൂഹം അംഗീകരിക്കില്ല.
ഫാദര്‍ റോബിന്‍ വിഷയത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരും, അടുക്കത്ത് നജ്മ വിഷയത്തില്‍ കോഴിക്കോട് പുറമേരിയിലും ഉള്‍പ്പടെ നിരവധിയിടങ്ങളില്‍
DYFI നടത്തിയ ഉശിരന്‍ പ്രക്ഷോഭം ആര്‍ക്കാണു മറക്കാനാകുക.
ഒരു മതത്തിന്റെയും വിശ്വാസികളില്‍ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നതല്ല ആള്‍ദൈവ പ്രവണതകള്‍. എല്ലാ മതങ്ങളിലെയും ഭൂരിഭാഗം വിശ്വാസികളും ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളില്‍ മനസുകൊണ്ടെങ്കിലും അണിനിരക്കാറുണ്ട്.
ആത്മീയ വ്യവസായത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് ഏതെങ്കിലും മതത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായാണെന്ന് വാദിക്കുന്നവര്‍ അത്മീയകച്ചവടത്തിന്
മത വിശ്വാസത്തിന്റെ കുട പിടിച്ചു കൊടുത്തു സംരക്ഷിക്കുവാന്‍
ശ്രമിക്കുന്നവരാണ്.
അത്മീയ വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിനും, ആള്‍ദൈവങ്ങളുടെ പേരിലുള്ള കള്ളനാണയങ്ങളെ ഇല്ലാതാക്കുന്നതിനും സമഗ്രമായ നിയമം ആവശ്യമാണ്. ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ സാമ്പത്തിക സ്രോതസും മറ്റും എന്നതിനാല്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെയുള്ള ഒരു നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ അനിവാര്യമാണ്.

Top