എനിക്കും പഠിക്കണം ; അസിമിന്‍റെ പ്രതിഷേധ വീൽചെയർ യാത്ര കൊല്ലത്ത്

കൊല്ലം: അതിജീവനത്തിന്റെ പോരാളിയായ മുഹമ്മദ് അസിം നടത്തുന്ന പ്രതിഷേധ വീല്‍ചെയർ യാത്ര കൊല്ലത്ത് എത്തി. എനിക്കും പഠിക്കണമെന്ന ആവശ്യവുമായാണ് കോഴിക്കോട് നിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക് അസിം വീൽചെയർ യാത്ര നടത്തുന്നത്. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനാണ് ഏഴാം ക്ലാസ്സില്‍ പഠനം മുടങ്ങിയ അസിമിന്‍റെ വീല്‍ചെയർ യാത്ര.

ഫെബ്രുവരി 15ന് കോഴിക്കോട് വെളിമണ്ണയിൽ നിന്ന് ആരംഭിച്ച യാത്ര ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്തെത്തുന്ന തലത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.പോസിറ്റീവ് മൂവ്മെന്റ് ഓഫ് ഇന്ത്യ ട്രസ്റ്റ് ചെയർമാൻ ഹാരിസ് രാജൻ ഉൾപ്പെട്ട വാളണ്ടിയർമാരാണ് അസിമിനെ വീൽചെയറിൽ കൊണ്ടുപോകുന്നത്.

ജന്മനാ ഭിന്നശേഷിക്കാരനായ മുഹമ്മദ് അസിം കഴിഞ്ഞ വർഷമാണ് കോഴിക്കോട് വെള്ളിമണ്ണ മുസ്ലിം യുപി സ്കൂളില്‍ നിന്നും ഏഴാംക്ലാസ്സ് പാസായത്. എന്നാല്‍ സ്കൂളില്‍ ഏട്ടാം ക്ലാസ്സ് ഇല്ലാത്തതിനാല്‍ പഠനം മുടങ്ങി. തുടർപഠനത്തിന് ഏറെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അസീമിന്.

വെള്ളിമണ്ണ സ്കൂളില്‍ ഏട്ടാംക്ലാസ്സ് അനുവദിക്കണമെന്ന ആവശ്യവുമായി ഇരുകൈകളും ഇല്ലാത്ത അസിമും കുടുംബവും കയറി ഇറങ്ങാത്ത ഓഫിസുകള്‍ ഇല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല. ഇതെ തുടർന്നാണ് സ്ഥലവാസികളുടെ പിന്തുണയോടെ അസിം സമരം തുടങ്ങിയത്.

Top