മുംബൈയില്‍ കനത്ത മഴ തുടരുന്നു; മരണം അഞ്ചായി

മുംബൈ:മുംബൈയില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലും മുംബൈയിലും കനത്ത മഴ തുടരുകയാണ്.

വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ താനെ ജില്ലയിലെ ഖാദാവിലി പ്രദേശത്ത് നിന്ന് വ്യോമ സേന 58 പേരെ രക്ഷപ്പെടുത്തി. റെയില്‍വെ ട്രാക്ക് വെളളത്തില്‍ മുങ്ങിയതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.മറ്റ് പല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോക്മാന്യതിലക്, തിരുവനന്തപുരം, നേത്രാവതി എക്പ്രസ് തുടങ്ങിയവയും റദ്ദാക്കിയവയില്‍പ്പെടും.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ 100 മുതല്‍ 250 മില്ലിമീറ്റര്‍ വരെ മഴയാണ് ലഭിച്ചത്. താനെ, പൂനെ, മുംബൈ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബെയില്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം താറുമാറായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും മഴ ബാധിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Top