എം.ടിയുടെ വാക്കുകൾ വിവാദമാക്കുന്നവർ അദ്ദേഹം ചൂണ്ടിക്കാട്ടിയ ഇ.എം.എസിനെ ഇനിയെങ്കിലും അംഗീകരിക്കുമോ ?

ജീവിച്ചിരുന്നപ്പോള്‍ ഇ.എം.എസിനെ അംഗീകരിക്കാത്തവരാണിപ്പോള്‍ എം.ടി പറഞ്ഞ ചില വാക്കുകളില്‍ പിടിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇക്കാര്യത്തിലും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച സകലരും അവരുടേതായ രീതിയിലാണ് പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. എം.ടിയുടെ വാക്കുകളുടെ മൂര്‍ച്ചയില്‍ പുളകിതരാകുന്ന ഇത്തരക്കാര്‍ ആ നാവില്‍ നിന്നും അടര്‍ന്നു വീണ ഇ.എം.എസിന്റെ മാഹാത്മ്യത്തെ കുറിച്ചും അഭിപ്രായം പറയേണ്ടതുണ്ട്. ഇംഎം.എസ്. കേരളത്തിനു നല്‍കിയ സംഭാവനകളെ കുറിച്ച് എം.ടി പറഞ്ഞത് അംഗീകരിക്കുന്നുണ്ടോ എന്നതിന് കുത്തക മാധ്യമങ്ങളും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ മറുപടി പറയുക തന്നെ വേണം.

എഴുതി തയ്യാറാക്കിയ പ്രസംഗമാണ് എം.ടി കോഴിക്കോട്ട് നടത്തിയിരിക്കുന്നത്. ഇതിനായി അദ്ദേഹം ഉപയോഗിച്ചതാകട്ടെ 20 വര്‍ഷം മുന്‍പ് അദ്ദേഹം തന്നെ എഴുതിയ ലേഖനത്തിലെ വരികളുമാണ്. അതായത് ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടില്‍ 2003ല്‍ എഴുതിയ ലേഖനം തുടക്കം മുതല്‍ ഒടുക്കംവരെ അതേപടി അവതരിപ്പിക്കുകയാണ് എം.ടി ചെയ്തിരിക്കുന്നത്. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങള്‍’ എന്ന എം.ടിയുടെ പുസ്തകത്തില്‍ ഈ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി പ്രസംഗത്തില്‍ എം ടി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

”ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചിരിക്കുന്നത്. അവസാനിച്ചപ്പോള്‍ ‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു’ എന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനെയാണ് മുഖ്യമന്ത്രിക്കെതിരെ എം.ടി ആഞ്ഞടിച്ചു എന്ന രീതിയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരണം നടക്കുന്നത്.

mt vasedevan nair

കമ്യൂണിസ്റ്റു പാര്‍ട്ടികളെയും അതിന്റെ നേതാക്കളെയും വിമര്‍ശിക്കാന്‍ എം.ടിക്ക് ഒരിക്കലും എഴുതി കൊണ്ടുവന്ന് പ്രസംഗിക്കേണ്ട ആവശ്യമില്ല. വിമര്‍ശനങ്ങളെ ഉള്‍കൊണ്ടു തന്നെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വളര്‍ന്നു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു തന്നെ വിമര്‍ശിക്കാന്‍ എം ടി തയ്യാറാകുമായിരുന്നു. എന്നാല്‍ ഇവിടെ അതു സംഭവിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കും പ്രസക്തിയില്ല.

1957-ല്‍ ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇ.എം.എസിനെ കുറിച്ചും അദ്ദേഹത്തിന്റെ നിപാടുകളെ കുറിച്ചുമാണ് ഏറെയും തന്റെ പ്രസംഗത്തില്‍ എംടി വാചാലനായിരുന്നത്. ഇതേ കുറിച്ച് പരാമര്‍ശിക്കാന്‍, ഇ.എം.എസ് മന്ത്രിസഭയെ അട്ടിമറിച്ചവരുടെ പിന്‍മുറക്കാരായ രാഷ്ട്രീയ നേതാക്കളും മാധ്യമ മേധാവികളും വിട്ടു കളഞ്ഞത് അവരുടെ സങ്കുചിത രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതാണ്. അതും ഈ ഘട്ടത്തില്‍ പറയാതെ വയ്യ.

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ എം എസ്. അദ്ദേഹത്തിന്റെ സ്മരണ മായുന്നതോ മറയുന്നതോ അല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാദിവസവും ഈ ഓര്‍മ കേരളത്തില്‍ അലയടിക്കുന്നുണ്ട്. അതുകൊണ്ടാണ് കേരള സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പോലും കേരളവികസനവുമായി ചേര്‍ത്തുവച്ച് ഇ എം എസിന്റെ നാമധേയവും പരാമര്‍ശിക്കേണ്ടി വന്നിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് ചരിത്രപരമായി തന്നെ പ്രാധാന്യമുള്ളതാണ്.

കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഇ.എം.എസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിയുടെ ഗര്‍ത്തത്തില്‍ കേരളീയ സമൂഹം പൊതുവില്‍ വീഴാതിരുന്നതില്‍ ഇ.എം.എസ് നടത്തിയ പ്രത്യയശാസ്ത്ര സമരം വലിയ സംഭാവനയാണ് നല്‍കിയിരുന്നത്. ഇതെല്ലാം കോണ്‍ഗ്രസ്സുകാരും ലീഗുകാരും സമ്മതിച്ച് തരില്ലെങ്കിലും എം.ടിക്കും കൃത്യമായി ബോധ്യമുള്ള കാര്യമാണ്.

നിരവധി പതിറ്റാണ്ടുകളില്‍ കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചത് തന്നെ ഇ എം എസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണവും ചുമ്മാ വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തിലും കമ്യൂണിസ്റ്റു പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് അതുല്യസംഭാവനയാണ് ചെയ്തിരിക്കുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളില്‍ ഒരാളായി പിന്നീട് ഇ.എം.എസ് മാറുകയുണ്ടായി.

അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനും ജാതി -ജന്‍മി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കാനും വലിയതോതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനിച്ച സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഇഎംഎസ് ഏര്‍പ്പെട്ടിരുന്നത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെയും അദ്ദേഹം നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തിലും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു.

വെറും സമുദായപരിഷ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതിലാണ് ഇ എം എസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിലൂടെ ആദ്യം കോണ്‍ഗ്രസിനെയും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെയും ഒടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കിയാണ് വളര്‍ത്തിക്കൊണ്ടുവന്നിരുന്നത്.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയില്‍ യോഹന്നാനും നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ തകര്‍ന്നടിയാതെ നവോത്ഥാനത്തെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കാന്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും കഠിനമായാണ് പരിശ്രമിച്ചിരുന്നത്. ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നല്‍കിയ സംഭാവനയും ഏറെ വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയര്‍ ഇന്നും ശിരസ്സുയര്‍ത്തി നില്‍ക്കുന്നത് എന്നതും നാം മറന്നു പോകരുത്.

‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരില്‍ പൊതുവില്‍ ഇന്നും സ്വാധീനം ചെലുത്തുന്നതും വര്‍ഗീയതകളില്‍നിന്ന് സംസ്ഥാനത്തെ അകറ്റിനിര്‍ത്തുന്നതിലും കേരളത്തിലെ ഇടതുപക്ഷമേധാവിത്വവും ഇടതുപക്ഷ ഭരണവും വഹിച്ച പങ്ക് എന്താണെന്നത് വളരെ മുന്‍പു തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.

മാര്‍ക്‌സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതില്‍ ഇ എം എസ് നല്‍കിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകര്‍ച്ചയെത്തുടര്‍ന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശിയടിക്കുകയും. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാര്‍ടികളും പേരും കൊടിയും ഉപേക്ഷിച്ചപ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കരുത്തായി നിന്നവരില്‍ പ്രമുഖന്‍ ഇ.എം.എസ് തന്നെയായിരുന്നു.

പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സോഷ്യലിസത്തിന് സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നുമാണ് ഇ എം എസ് അന്ന് തുറന്നടിച്ചിരുന്നത്.ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങളെ വിലയിരുത്തുന്നതില്‍ ഇ എം എസ് പുലര്‍ത്തിയ പാടവവും അസാധാരണമായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ട് മന്ത്രിസഭയെയാണ് അക്കാലത്ത് നയിച്ചിരുന്നത്.

കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ഈ കാലയളവാണ് സാക്ഷ്യം വഹിച്ചിരുന്നത്. ഭൂമിയില്‍നിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടനെ തന്നെ മുഖ്യമന്ത്രിയായ ഇ എം എസ് ഒപ്പിട്ടിരുന്നത്. കേരളത്തില്‍ ജന്‍മിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതിനും ഇ എം എസ് സര്‍ക്കാരാണ് നടപടി എടുത്തത്.

ആറടി മണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയില്‍ കഴിയുന്ന മണ്ണിന്റെ മക്കള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നല്‍കി എന്നതാണ് ഇ എം എസ് സര്‍ക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂര്‍ണവുമായിരുന്ന നടപടി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്‍ അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റല്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നടപ്പിലാക്കി.

ഭൂപരിഷ്‌കരണരംഗത്ത് ഉള്‍പ്പെടെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ തന്നെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പില്‍ക്കാല സര്‍ക്കാരുകള്‍ക്കും ഇഎംഎസിന്റെ ചിന്ത വഴികാട്ടിയായിട്ടുണ്ട്. ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ വളരെ ഉപകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ മുഖ്യസംഘാടകരില്‍ ഒരാളായും ഇ.എം.എസ പ്രവര്‍ത്തിച്ചു. കലയും സാഹിത്യവും വരേണ്യവര്‍ഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കുന്ന അവസ്ഥയ്‌ക്കെതിരെ അത് തൊഴിലാളിവര്‍ഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊര്‍ജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടലും ഇ.എം.എസാണ് നടത്തിയിരുന്നത്.

ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ച ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ വിമോചനസമരം സംഘടിപ്പിച്ചാണ് വലതുപക്ഷ യാഥാസ്ഥിതിക ശക്തികള്‍ പുറത്താക്കിയിരുന്നത്. വിമോചനസമര രാഷ്ട്രീയം ഇപ്പോള്‍ കാലഹരണപ്പെട്ടെങ്കിലും അതിന്റെ പുതുരൂപങ്ങള്‍ ഇന്നും സജീവമാണ്. അത്തരക്കാരാണ് എം.ടിയുടെ പ്രസംഗത്തെയും വളച്ചൊടിച്ച് ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഇപ്പോള്‍ കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. ആ യാഥാര്‍ത്ഥ്യവും രാഷ്ട്രീയ കേരളം കാണാതെ പോകരുത്…

EXPRESS KERALA VIEW

Top