‘റെബ്‌കോ നടത്തുന്നത് കമ്മ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും ; എംടി രമേശ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ ഒറ്റുകാരന്‍ ആരെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

കേരളത്തിലെ പ്രമുഖമായ ഒരു ദൃശ്യമാധ്യമം നടത്തിയ ചര്‍ച്ച കഴിഞ്ഞദിവസമുണ്ടായ മന്ത്രിസഭാ തീരുമാനത്തെ കുറിച്ചുള്ളതാണ്. കേരള മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും നടത്തുന്ന വാണിജ്യ സഹകരണസ്ഥാപനമായ റെബ്കോ യെ സഹായിക്കുവാന്‍ വേണ്ടി പൊതുഖജനാവില്‍ നിന്നും മുന്‍പ് ചെലവാക്കിയ 180 കോടി രൂപ കൂടാതെ പുതിയതായി 306.75 കോടി രൂപ കൂടി ചെലവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചതായിരുന്നു വാര്‍ത്ത.

എന്നാല്‍ ആ മന്ത്രിസഭായോഗം കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലോ പ്രളയത്തിന്റെ ഭാഗമായി കൊടുക്കുന്ന നഷ്ടപരിഹാരങ്ങളെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ദുരിതാശ്വാസത്തിനെക്കാള്‍ കനത്ത തുക ചെലവാകുന്ന മറ്റൊരു പദ്ധതി കാര്യം അദ്ദേഹം സൂചിപ്പിച്ചില്ല.

പ്രളയത്തിന്റെ പ്രാരാബ്ദ്ധത്തിനിടയില്‍ ആണ് ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ 300 കോടിയില്‍പരം രൂപ ഒരു പാര്‍ട്ടി സ്ഥാപനത്തില്‍ നല്‍കുന്നത്. എന്നാല്‍, ഇത് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ പോക്കറ്റിലേക്ക് പോവുക എന്ന് മനസ്സിലാക്കിയ മന്ത്രിസഭയിലെ ചിലര്‍ തിരുവനന്തപുരത്തെ മാധ്യമങ്ങള്‍ക്ക് ക്യാബിനറ്റ് തീരുമാനം ചോര്‍ത്തി കൊടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ക്യാബിനറ്റ് സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ഒപ്പിട്ടു ഉത്തരവ് ഇറങ്ങുന്നതുവരെ ക്യാബിനറ്റ്മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ക്യാബിനറ്റ് രഹസ്യമാണ്. ഇത് വിവരാവകാശം വഴിയോ സര്‍ക്കാറിന്റെ മറ്റൊരുതരത്തിലുള്ള പ്രസിദ്ധപ്പെടുത്തുകള്‍ വഴിയോ ലഭ്യമാകില്ല. ഉത്തരവുകള്‍ ആയാല്‍ മാത്രമേ അത് പബ്ലിക് ആവുകയുള്ളൂ അത്തരത്തില്‍ ക്യാബിനറ്റ് രഹസ്യമായ ഈ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് മന്ത്രിസഭയുടെ ഉത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും എംടി. രമേശ് ആരോപിച്ചു.

ഇത്തരത്തില്‍ ക്യാബിനറ്റ് രഹസ്യങ്ങള്‍ ചോര്‍ന്നത് ഗുരുതരമായ സംഭവമാണ്. വിശ്വാസമില്ലാത്ത, പരസ്പരം രഹസ്യങ്ങള്‍ ചോര്‍ത്തുന്ന മന്ത്രിമാരും മുഖ്യമന്ത്രിയും ഇത് വിശദീകരിച്ചേ പറ്റൂവെന്നും അദേഹം വ്യക്തമാക്കി.

Top