കേരള ബാങ്കില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള നീക്കം നിയമവിരുദ്ധം; എം.ടി രമേശ്

തിരുവനന്തപുരം: സഹകരണമേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് സിപിഐഎമ്മിനും സര്‍ക്കാരിനും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കേന്ദ്ര ഏജന്‍സികളെ പഴി പറയാനാണ് സിപിഎം ശ്രമിക്കുന്നത്. കേരള ബാങ്കില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള നീക്കം നിയമവിരുദ്ധം. ആര്‍ബിഐ നിയമമനുസരിച്ച് നടക്കാത്ത കാര്യത്തിനാണ് സര്‍ക്കാര്‍ പരിശ്രമം നടത്തുന്നതെന്നും വിമര്‍ശനം.

ക്ഷേമ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. സഹകരണ സ്ഥാപനങ്ങളെ ബലി കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സഹകരണമേഖലയുടെ മൊത്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നതാണ് പ്രശ്‌നം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഉള്ളതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ല. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണം. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണം. സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ കൊള്ളക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഏകീകൃത സോഫ്റ്റ്വെയര്‍ വേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്? നിങ്ങളുടെ കൈകള്‍ സംശുദ്ധമാണെങ്കില്‍ എന്തിനാണ് പേടിക്കുന്നതെന്നും എം.ടി രമേശ് ചോദിച്ചു.

Top