ലൈഫ് മിഷന്‍; വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള കുറിപ്പടി; എം.ടി രമേശ്

കോട്ടയം: ലൈഫ് മിഷന്‍ കേസിലെ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള കുറിപ്പടി തയ്യാറാക്കാനുള്ള പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അന്വേഷണം എങ്ങനെയായിരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ തീരുമാനിച്ചിരിക്കുകയാണ്. തന്നെ ചോദ്യം ചെയ്യാമെന്ന പൂതി മനസ്സില്‍ വെച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അത് പറഞ്ഞിരിക്കുന്നത് വിജിലന്‍സിനോടാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഉറപ്പാണ്. അത് മുന്നില്‍ കണ്ട് കൊണ്ടാണ് അന്വേഷണത്തിന്റെ വഴി എങ്ങനെയായിരിക്കണമെന്ന് പറഞ്ഞ് വെച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കും അന്വേഷിക്കേണ്ടി വരും. അതിന് മുന്നെ ഒരു റിപ്പോര്‍ട്ടുണ്ടാക്കണം. അന്വേഷത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി കേരളത്തില്‍ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. സമരം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ തിരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ ഇപ്പോള്‍ എന്തിനാണ് ജലീലിനെ പിന്തുണച്ച് രംഗത്ത് വരുന്നതെന്ന് മനസ്സിലാകുന്നില്ല. മറ്റ് മന്ത്രിമാര്‍ക്കെതിരേ ആരോപണം വന്നപ്പോള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നവരാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുളളവര്‍. എന്നാല്‍ ജലീല്‍ വിഷയത്തില്‍ മാറി. ഇതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങലുകള്‍ എന്തൊക്കെയാണെന്നും രമേശ് ചോദിച്ചു.

Top