അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല, ബിസിസിഐ തീരുമാനിക്കും – പ്രസാദ്

മുംബൈ: ലോകകപ്പിന് മുമ്പ് പടിറങ്ങുന്നതില്‍ നിരാശയില്ലെന്ന് വ്യക്തമാക്കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്. ട്വന്റി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രസാദ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിടവാങ്ങുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസാദ് ഈ കാര്യം വ്യക്തമാക്കിയത്.

നിലവിലെ സെലക്ഷന്‍ കമ്മിറ്റിക്ക് കാലാവധി നീട്ടി നല്‍കില്ലെന്ന് ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കു ശേഷം പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയതിനെതിരെയായിരുന്നു പ്രസാദിന്റെ പ്രതികരണം.

‘സിലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടിനല്‍കുന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഇക്കാര്യത്തില്‍ എന്താണു വേണ്ടതെന്ന് ബിസിസിഐ തന്നെ തീരുമാനിക്കും. സിലക്ടര്‍മാരുടെ നിയമനത്തില്‍ വ്യക്തമായ ചില ചട്ടങ്ങളുണ്ട്. അതനുസരിച്ച് ബിസിസിഐ തീരുമാനമെടുക്കും’ പ്രസാദ് പറഞ്ഞു.

‘ട്വന്റി20 ലോകകപ്പ് ഏതാനും മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പടിയിറങ്ങേണ്ടി വരുന്നതില്‍ യാതൊരു നിരാശയുമില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. നിങ്ങള്‍ക്കു ലഭിക്കുന്ന സമയത്ത് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയാണ് വേണ്ടത്. അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്’ പ്രസാദ് വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി പകരക്കാരുടെ ഒരു ശക്തമായ നിരയെത്തന്നെ തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.

Top