കൗമാര പ്രതിഭകളില്‍ ഒരാള്‍ ടീം ഇന്ത്യയുടെ ഭാവി നമ്പര്‍ 3 ആണെന്ന് പ്രവചിച്ച് എം എസ് കെ പ്രസാദ്

മുംബൈ: ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന് ഒരുപിടി ഭാവി വാഗ്ദാനങ്ങളെ സമ്മാനിച്ചാണ് അണ്ടര്‍ 19 ലോകകപ്പില്‍ കൗമാരപ്പട കപ്പുയര്‍ത്തിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം കിരീടം കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച കൗമാര പ്രതിഭകളില്‍ ഒരാള്‍ ടീം ഇന്ത്യയുടെ ഭാവി നമ്പര്‍ 3 ആണെന്ന് പ്രവചിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കൗമരപ്പടയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഷെയ്ഖ് റഷീദിനെയാണ് ഭാവി മൂന്നാം നമ്പറായി എം എസ് കെ പ്രസാദ് കണക്കാക്കുന്നത്. ‘അവന് വൈറ്റ് ബോളിലും റെഡ് ബോളിലും ഭാവി നമ്പര്‍ 3 ആവാന്‍ കഴിയും. ടെംപറമെന്റാണ് അദേഹത്തിന്റെ വലിയ ഗുണമേന്മ. ടീം സമ്മര്‍ദത്തിലാവുമ്പോള്‍ റഷീദ് പതറുന്നില്ല’ എന്നും പ്രസാദ് ക്രിക്ബസിനോട് പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചു ഷെയ്ഖ് റഷീദ് . 17കാരനായ താരം ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ 94 റണ്‍സ് നേടി. ഫൈനലില്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറിലാണ് താരം ബാറ്റ് ചെയ്തത്. കൊവിഡ് പിടിപെട്ട് മത്സരങ്ങള്‍ നഷ്ടപ്പെട്ട ശേഷമുള്ള തിരിച്ചുവരവിലും ടീമിന്റെ പ്രതീക്ഷ കാക്കുകയായിരുന്നു ഷെയ്ഖ് റഷീദ്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് താരം.

Top