ക്യാംപസ് ഫ്രണ്ടുമായി ചേര്‍ന്നു മുന്നണിയുണ്ടാക്കി വര്‍ഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എസ്എഫ്‌ഐക്കെന്ന് എംഎസ്എഫ്

MSF

കൊച്ചി : എംഎസ്എഫിനെ പരാജയപ്പെടുത്താന്‍ ക്യാംപസുകളില്‍ ക്യാംപസ് ഫ്രണ്ടുമായി ചേര്‍ന്നു മുന്നണിയുണ്ടാക്കി വര്‍ഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എസ്എഫ്‌ഐക്കെന്ന് എംഎസ്എഫ്. മലപ്പുറം ജില്ലയിലെ മങ്കട ജെംസ് കോളജില്‍ യുയുസി സ്ഥാനം ക്യാംപസ് ഫ്രണ്ട് നേതാവിനു നല്‍കി അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ നേതൃത്വത്തിന് വര്‍ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാനുള്ള അവകാശമില്ലെന്നും എംഎസ്എഫ് നേതൃത്വം കുറ്റപ്പെടുത്തി.

എസ്എഫ്‌ഐയുടെ ഏകാധിപത്യ സ്വഭാവം കാരണം കേരളത്തിലെ 60 കോളേജുകളില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. അതിവൈകാരികമായി മതം ദുരുപയോഗം ചെയ്യുന്ന ക്യാംപസ് ഫ്രണ്ട് ഉള്‍പ്പടെയുള്ള സംഘടനകള്‍ എത്രമാത്രം അപകടകരമാണെന്ന് മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകം തെളിയിക്കുന്നുവെന്നും എംഎസ്എഫ് ചൂണ്ടിക്കാട്ടി.

വര്‍ഗീയതയും ജനാധിപത്യധ്വംസനവും ക്യാംപസുകളില്‍നിന്ന് തുടച്ചുനീക്കി കലാലയ രാഷ്ടീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപസ് യാത്ര 13ന് എറണാകുളത്തു നിന്നാരംഭിക്കും. മുഴുവന്‍ ക്യാംപസുകളിലൂടെയും കടന്നുപോകുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Top