ആശയം ധോണിയുടേത്; എ പ്ലസ് കാറ്റഗറിയില്‍ നിന്ന് തഴയപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍

dhoni

മുംബൈ: വിരാട് കോഹ്‌ലിയടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി എ പ്ലസ് കാറ്റഗറി. ധോണിയുടെ ആശയമായിരുന്നെങ്കിലും ധോണി എ പ്ലസ് കാറ്റഗറിയിലില്ല. ബുധനാഴ്ചയാണ് ബിസിസിഐ താരങ്ങളുമായുള്ള കരാറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്. പുതിയ നീക്കത്തോടെ ഇനി മുതല്‍ താരങ്ങളുമായുള്ള കരാറില്‍ എ പ്ലസ് കാറ്റഗറിയും ഉണ്ടാകും. ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന വേതനം ഏഴു കോടിയായിരിക്കും.

എ പ്ലസ് കാറ്റഗറിയില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഏഴുകോടി ശമ്പളം വാങ്ങുന്ന കളിക്കാര്‍.

അതേസമയം, എ പ്ലസ് കാറ്റഗറിയില്‍ നിന്നും എം.എസ്.ധോണിയെ ഒഴിവാക്കിയത് ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു.പക്ഷെ ധോണിയെ പുറത്താക്കിയതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ബിസിസിഐ അധികൃതര്‍ പറയുന്നത്.

‘വളരെ ലളിതമായ മാര്‍ഗ്ഗമാണ് ഇതിന് സെലക്ടര്‍മാര്‍ സ്വീകരിച്ചത്. കൂടുതല്‍ കളിക്കുന്നവര്‍ക്ക് കൂടുതല്‍ പണം എന്നതാണത്. ലിസ്റ്റിലെ അഞ്ച് പേരും മൂന്ന് ഫോര്‍മാറ്റും കളിക്കുന്നവരാണ്. അവര്‍ കൂടുതല്‍ വേതനം അര്‍ഹിക്കുന്നുണ്ട്. ധോണിയോടും കോഹ്‌ലിയോടും ശാസ്ത്രിയോടും സംസാരിച്ചതുമാണെന്ന് ബിസിസിഐ വ്യക്തമാക്കി.

എന്നാല്‍, എ പ്ലസ് കാറ്റഗറി ധോണിയുടേയും കോഹ്‌ലിയുടേയും ആശയമായിരുന്നുവെന്നും അവര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തിയതായുമാണ് അറിയുന്നത്. ബിസിസിയുമായുള്ള ചര്‍ച്ചക്കിടെ വിരാടും ധോണിയുമാണ് അങ്ങനൊരു ആശയം മുന്നോട്ട് വച്ചത്. ഈ കാറ്റഗറി വേണമെന്നും അര്‍ഹിക്കുന്നവര്‍ മാത്രമേ ഇതില്‍ പാടുള്ളൂ എന്നും ധോണിയും കോഹ്‌ലിയും പറഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റും കളിക്കുന്ന, ആദ്യ പത്ത് റാങ്കിങ്ങില്‍ വരുന്നവരെ സമിതി തിരഞ്ഞെടുക്കുകയായിരുന്നു.

എല്ലാ ഫോര്‍ഫാറ്റിലും കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഈ കാറ്റഗറിയില്‍ സ്ഥാനമുണ്ടാകൂ എന്നതാണ് ഇതിന്റെ സവിശേഷത എന്ന് ബിസിസിഐ അംഗം വിനോദ് റായി അറിയിച്ചു.

മുതിര്‍ന്ന താരമാണെങ്കിലും ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഈ കാറ്റഗറിയില്‍ നിന്നും ധോണി സ്വാഭാവികമായും പുറത്താവുകയായിരുന്നു. തനിക്ക് സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നിട്ടും മറ്റ് താരങ്ങള്‍ക്കായി ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നെന്ന് ധോണി പറഞ്ഞു.

Top