MS Dhoni, The Untold Story

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമത്തെ ചിത്രമായി ‘എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ മാറി.

അക്ഷയ്കുമാറിന്റെ ‘റസ്റ്റം’, ‘എയര്‍ലിഫ്റ്റ്’ ചിത്രങ്ങളുടെ ബോക്‌സ് ഓഫിസ് കളക്ക്ഷനുകളെ മറികടന്ന ധോണി സിനിമ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് ഇതിനോടകം തന്നെ 183.50 കോടി രൂപ വാരിക്കൂട്ടി.

ഓഗസ്റ്റ് 30നാണ് അണ്‍ടോള്‍ഡ് സ്റ്റോറി റിലീസ് ചെയ്തത്. റസ്റ്റം, എയര്‍ലിഫ്റ്റ് എന്നിവയുടെ രാജ്യത്തിനകത്തെ കളക്ക്ഷന്‍ യഥാക്രമം 127.42, 129 കോടി രൂപയാണ്.

സല്‍മാന്‍ ഖാന്റെ ‘സുല്‍ത്താന്‍’ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമാവുകയാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനെക്കുറിച്ചുള്ള സിനിമ.

ലോകവ്യാപകമായി 215 കോടി വാരിക്കൂട്ടിയ സിനിമയുടെ മൊത്തം കളക്ക്ഷന്‍ 250 കോടി കടക്കുമെന്നാണ് വിതരണക്കാരായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ പ്രതീക്ഷ.

നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിനിമയില്‍ ധോണിയായെത്തുന്നത് സുശാന്ത് രജ്പുത്രാണ്. ധോണിയുടെ ഭാര്യ സാക്ഷിയുടെ റോളില്‍ അഭിനയിക്കുന്ന പ്രമുഖ ബോളിവുഡ് താരമായ കിരാ അഡ്വാനിക്കു പുറമേ അനുപം ഖേര്‍, ദിഷാ പാറ്റാനി, ഭൂമിക ചൗള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഫോക്‌സ് സ്റ്റാറും അരുണ്‍ പാണ്ഡെയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ രാജ്യത്തിനകത്തു മാത്രം 4,500 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.

Top