ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ക്യാപ്റ്റൻ കൂൾ’ എം എസ് ധോണിക്ക് ഇന്ന് 42-ാം പിറന്നാള്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ നിത്യഹരിത നായകന്‍ എം എസ് ധോണിക്ക് ഇന്ന് 42-ാം പിറന്നാള്‍. രണ്ട് മാസം മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തിലാണ് ധോണി ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. കാല്‍മുട്ടിലെ പരിക്കിനെയും പ്രായത്തെയും അവഗണിച്ചാണ് ധോണി ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ചത്. ഫൈനലില്‍ അവസാന പന്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തായിരുന്നു ചെന്നൈയുടെ അഞ്ചാം കിരീടനേട്ടം.

2007ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് അകന്ന ആരാധകരെ വീണ്ടും ക്രിക്കറ്റിലേക്ക് മടക്കിക്കൊണ്ടുവന്നത് ധോണിയുടെ നേതൃത്വത്തിലുള്ള ആ വര്‍ഷത്തെ ആദ്യ ടി20 ലോകകപ്പ് കിരീട നേട്ടമായിരുന്നു. പിന്നീട് 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും കിരീടം നേടി ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ‘തല’യെടുപ്പുള്ള നായകനായി.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറായിരുന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കറെ പോലും അസൂയപ്പെടുത്തുന്ന പിന്തുണയാണ് ഇത്തവണ ഐപിഎല്ലില്‍ ധോണിക്ക് ആരാധകരില്‍ നിന്ന് ലഭിച്ചത്. ധോണിയുടെ ഓരോ ഷോട്ടുകള്‍ക്കും വന്‍ ഹര്‍ഷാരവമായിരുന്നു ഇത്തവണ ഐപിഎല്ലില്‍. ആരാധകര്‍ നല്‍കുന്ന സ്നേഹവും പിന്തുണയും കണ്ട് അഠുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാനെത്തുമെന്ന് ആരാധകര്‍ക്ക് ഉറപ്പു നല്‍കിയാണ് ധോണി ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിടവാങ്ങിയത്.

നീട്ടിവളര്‍ത്തിയ തലമുടിയും കണ്ണുപൂട്ടി അടിക്കുന്ന ബാറ്റിംഗ് ശൈലിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള പൊട്ടിത്തെറിച്ച പയ്യനില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് ആവാന്‍ ധോണിക്ക് അധികം സമയം ഒന്നും വേണ്ടിവന്നില്ല. കരിയറിന്റെ തുടക്കത്തില്‍ ടോപ് ഓര്‍‍ഡറിലിറങ്ങി തകര്‍ത്തടിച്ചിരുന്ന ധോണി കരിയറിന്റെ രണ്ടാംഘട്ടത്തില്‍ ക്യാപ്റ്റന്‍ കൂളും ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമായി.

ഓരോ സീസണിലും പുതിയ പ്രതിഭകള്‍ പൊട്ടിമുളക്കുന്ന ഐപിഎല്ലില്‍ 17 വര്‍ഷമായി ഈ 42-ാം വയസിലും ചെന്നൈയുടെ നായകനായി, ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളായി ധോണി തല ഉയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ നിത്യഹരിത നായകന് ‘എക്സ്പ്രസ്സ് കേരള’യുടെ പിറന്നാളാശംസകള്‍.

Top