ഐപിഎൽ; 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമായി എംഎസ് ധോണി

ചെന്നൈ: ഐപിഎലിന്റെ വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി എം.എസ്.ധോണി. വിവിധ സീസണുകളിലായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റൈസിങ് പുണെ ജയന്റ്‌സില്‍ നിന്നും ഇതിനോടകം താരം പ്രതിഫലമായി നേടിയത് 152 കോടി രൂപയാണ്.

2021 സീസണില്‍ 15 കോടി രൂപയാണ് താരത്തിന് പ്രതിഫലം. 2018 മുതല്‍ 15 കോടി രൂപയാണ് താരത്തിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കുന്നത്. 2008-ല്‍ ആറുകോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് ലഭിച്ചത്.

2011 മുതല്‍ 2013 വരെ താരത്തിന് 8.28 കോടി രൂപ പ്രതിഫലമായി ലഭിച്ചു. 2014 ലും 2015 ലും താരത്തിന് 12.5 കോടി രൂപയും റൈസിങ് പുണെ ജയന്റ്‌സ് രണ്ട് വര്‍ഷത്തേക്ക് 25 കോടി രൂപയും ധോണിയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായ വിരാട് കോലിയാണ്. 17 കോടി രൂപയാണ് താരത്തിനായി ബാംഗ്ലൂര്‍ ചെലവിടുന്നത്.

രോഹിത് ശര്‍മയ്ക്ക് 15 കോടി രൂപയാണ് ഒരു സീസണില്‍ നിന്നുള്ള വരുമാനം. ധോണിയ്ക്ക് തൊട്ടുപിന്നാലെ രോഹിത് ശര്‍മയാണ് നില്‍ക്കുന്നത്. വിവിധ സീസണുകളില്‍ നിന്നായി രോഹിത് ശര്‍മ 146.6 കോടി രൂപ പ്രതിഫലമായി നേടി. മൂന്നാം സ്ഥാനത്ത് കോലിയാണുള്ളത്. 143.2 കോടി രൂപയാണ് കോലി ഇതുവരെ നേടിയിരിക്കുന്നത്.

Top