ഓണ്‍ലൈനില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കും എംആര്‍പി നിര്‍ബന്ധം

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.

2018 ജനുവരി മുതല്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പരമാവധി റീടെയ്ല്‍ വില (എം.ആര്‍.പി) യ്ക്ക് പുറമെ അവ ഉപയോഗിക്കാവുന്ന കാലാവധി, വില്‍പ്പനാനന്തര സേവനം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുവേണ്ടി 2011-ലെ ലീഗല്‍ മെട്രോളജി നിയമം ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഭേദഗതി ചെയ്തിരുന്നു.

കമ്പനികള്‍ക്ക് നിയമം കര്‍ശനമായി പാലിക്കുന്നതിന് ആറ് മാസം സമയവും അനുവദിച്ചിട്ടുണ്ട്. എല്ലാ മേഖലയിലെയും ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിലവില്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളില്‍ വില (എം.ആര്‍.പി) മാത്രമാണ് രേഖപ്പെടുത്താറുള്ളത്. ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2018 ജനുവരിക്കുശേഷം ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച പരാതികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്.

Top