മരടില്‍ കോടതിവിധി നടപ്പാക്കണം; നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്ന്…

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഈ വിഷയത്തില്‍ നിയമപ്രശ്നവും മാനുഷികപ്രശ്നവുമുണ്ട്. ഫ്ളാറ്റ് ഉടമകളുടെ അവസ്ഥ മനസ്സിലാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും കാനം പറഞ്ഞു. സംഭവത്തില്‍ ഫ്ളാറ്റ് നിര്‍മാതാക്കളാണു കുറ്റക്കാര്‍. അവരെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ കൂട്ടുനില്‍ക്കില്ല. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്, ജനവിധിയെ വിലകുറച്ചുകാണരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. വഴിയില്‍ നില്‍ക്കുന്ന ആര്‍ക്കും കയറിവരാവുന്ന മുന്നണിയല്ല എല്‍ഡിഎഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കുമെന്നും കാനം വ്യക്തമാക്കി.

Top