Mr.ramesh chennithala, what is the unqualification you seems in 3 DGP’s

വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമാണ്.

ഡി.ജി.പി കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ ഡി.ജി.പി മാരെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച ഡി.ജി.പിമാരെ വിമര്‍ശിച്ച്… ‘ഇറക്കിയ ഉത്തരവ്’ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മികച്ച ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് തലപ്പത്ത് നിയമിക്കാന്‍ കഴിയുവെന്നും ഇപ്പോഴത്തെ നിയമനത്തില്‍ വിരോധമുള്ളവര്‍ക്ക് അവധിയെടുത്ത് പോകാമെങ്കില്‍ പോകാമെന്നുമാണ് ആഭ്യന്തര മന്ത്രി തുറന്നടിച്ചത്. ഒരു പോലീസ് മന്ത്രി ഒരിക്കലും പറഞ്ഞുകൂടാത്ത വാക്കുകളാണിത്.

news

മര്യാദക്ക് പോലീസ് ഭരണം നടത്തിയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഹൈക്കമാന്റില്‍ സ്വാധീനം ചെലുത്തി തെറിപ്പിച്ച് സ്ഥാനം കൈക്കലാക്കിയ താങ്കള്‍ ഇങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ലെങ്കിലും അപലപിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

താങ്കള്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന് ഉദ്ദേശിച്ചത് ശങ്കര്‍ റെഡ്ഡിയെ ആണെങ്കില്‍ അക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം ഞങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. വി.എസ് പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നോക്കി വിലയിരുത്താം.

പക്ഷെ, ‘മികച്ച ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് തലപ്പത്ത് നിയമിക്കാന്‍ കഴിയു’. അതുകൊണ്ടാണ് ഇപ്പോഴത്തെ നിയമനമെന്ന് പറഞ്ഞ താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് ?

ഡി.ജി.പി മാരായ ജേക്കബ് തോമസിലും ലോക്‌നാഥ് ബെഹ്‌റയിലും ഋഷിരാജ് സിംഗിലും താങ്കള്‍ കാണുന്ന അയോഗ്യതകള്‍ എന്തൊക്കെയാണ്? ഈ മൂന്ന് പേരുടെയും മികവ് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ താങ്കളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

കാരണം ഇവരുടെ പ്രവര്‍ത്തനംവഴി ജനങ്ങള്‍ അത് നേരിട്ട് മനസ്സിലാക്കിയതാണ്. സര്‍ക്കാര്‍ സ്ഥലംമാറ്റി അപമാനിച്ച ജയില്‍ മേധാവി ലോക്‌നാഥ് ബെഹ്‌റ അരലക്ഷത്തിലധികം ചപ്പാത്തികളും മറ്റും ചെന്നൈയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കയറ്റി അയച്ചത് താങ്കളുടെ സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചശേഷമാണ്.

ജനങ്ങളുടെ കണ്ണീരിന് ഭാഷയുടെയും അതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ നോക്കാതെയുള്ള ഈ സഹായത്തിന്റെ ‘ഗുണം’ ബെഹ്‌റയല്ല, സംസ്ഥാന സര്‍ക്കാരാണല്ലോ നേട്ടമായി ഉയര്‍ത്തിക്കാണിക്കുക ?

എന്‍.ഐ.എ തലപ്പത്തിരുന്നപ്പോള്‍ തീവ്രവാദികള്‍ക്കെതിരെ ഈ ഐ.പി.എസുകാരന്‍ നടത്തിയ ഓപ്പറേഷനുകള്‍ രാജ്യം കണ്ടതാണ്… വിലയിരുത്തിയതാണ്… അക്കാര്യം മറന്നു പോകരുത്.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം.മാണിയെ പ്രതി ചേര്‍ക്കാനുള്ള ധൈര്യം അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത് അന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ സാന്നിദ്ധ്യമാണ്. അല്ലാതെ താങ്കള്‍ എപ്പോഴും അവകാശപ്പെടുന്നതു പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോയതുകൊണ്ടല്ല.

ഒരുപക്ഷേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം മാത്രമായിരിക്കും ഈ കേസ് സംബന്ധിച്ച കാര്യങ്ങള്‍ താങ്കള്‍പോലും അറിഞ്ഞിട്ടുണ്ടാകുക. നിയമപരമായ നടപടി സ്വീകരിക്കാന്‍തക്ക തെളിവുള്ളപ്പോള്‍ മുകളില്‍ നിന്ന് അനുമതി ചീട്ട് വാങ്ങി കാര്യങ്ങള്‍ ചെയ്യുന്ന പതിവ് ജേക്കബ് തോമസിന് ഇല്ലാത്തതിനാല്‍ അതിനാണ് സാധ്യത കൂടുതല്‍. വിജിലന്‍സില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് മേധാവിയാക്കി നിയമിച്ചപ്പോഴും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന താങ്കളുടെ സര്‍ക്കാര്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ലല്ലോ?

ജന സുരക്ഷ മുന്‍നിര്‍ത്തി ഫയര്‍ സേഫ്റ്റി നിയമം നടപ്പാക്കിയതിന് ഫ്‌ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അവിടെ നിന്നും അദ്ദേഹത്തെ തെറിപ്പിച്ച് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനിരുന്ന പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ബാര്‍ കോഴക്കസേില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി ഉത്തരവിനെ സ്വാഗതം ചെയ്തതിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയും അപമാനിച്ചു.

നടപടിയെ ഭയമില്ലാതിരുന്നതിനാലും നട്ടെല്ലാര്‍ക്കും പണയം വയ്ക്കാത്തതിനാലും മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നടപടികളുമായാണ് ജേക്കബ് തോമസ് മുന്നോട്ടു പോയത്.

ഇന്ന് സംസ്ഥാനത്ത് ഒരു വോട്ടെടുപ്പ് നടത്തിയാല്‍ ആഭ്യന്തര മന്ത്രിയായ താങ്കള്‍ക്കും സിനിമാ സൂപ്പര്‍ താരങ്ങള്‍ക്കും വരെ മേലെ വിജയകൊടി നാട്ടാനുള്ള വലിയ ജനപിന്‍തുണയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഋഷിരാജ് സിംങ്ങും ജേക്കബ് തോമസും. ഇക്കാര്യത്തില്‍ താങ്കളുടെ പാര്‍ട്ടിക്കാര്‍ക്ക് പോലും മറിച്ചൊരഭിപ്രായമുണ്ടാവാന്‍ തരമില്ല.

താങ്കളുടെ ‘മികച്ച ഉദ്യോഗസ്ഥ’ സങ്കല്‍പ്പങ്ങളെക്കാള്‍ എത്രയോ മീതെയാണത്.

ഏതെങ്കിലും ഒരു ഐ.പി.എസുകാരന്‍ മാധ്യമങ്ങളില്‍ പടം അച്ചടിച്ച് വരാനും തിളങ്ങി നില്‍ക്കാനും വേണ്ടി കാട്ടിക്കൂട്ടിയ ‘നാടകം’ പോലെയല്ല ഈ ഉദ്യോഗസ്ഥുരുടെ നടപടികള്‍. ഇവര്‍ ഹീറോകളായത് താങ്കള്‍ ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുമപ്പുറം ജനനന്മ ലക്ഷ്യമാക്കി മുഖം നോക്കാതെ നടപടി സ്വീകരിച്ചതുകൊണ്ടു മാത്രമാണ്.

വൈദ്യുതി മോഷ്ടാക്കളെ കയ്യോടെ പിടികൂടി ജനങ്ങളുടെ കയ്യടി വാങ്ങിയ ഋഷിരാജ് സിംങ്ങിനെ ബറ്റാലിയനിലേക്ക് മാറ്റി ഒതുക്കിയതിന് ആഭ്യന്തര മന്ത്രിയായ താങ്കളോട് അദ്ദേഹം പ്രതികരിച്ച രീതി എങ്ങനെയായിരുന്നുവെന്ന് താങ്കള്‍ മറന്നാലും ജനങ്ങള്‍ മറക്കില്ല.

താങ്കള്‍ സല്യൂട്ടടി ‘മികവിന്റെ’ മാതൃകയാക്കുന്നതിന് മുമ്പ് അതിനിടയാക്കിയ സാഹചര്യം കൂടി പരിശോധിക്കുന്നത് നല്ലതാണ്.

പിന്നെ താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം നിയമനത്തില്‍ വിരോധമുള്ളവര്‍ അവധിയെടുത്ത് പോകണമെങ്കില്‍ പോകാമെന്നാണല്ലോ.

പോലീസ് മന്ത്രി ഉദ്ദേശിച്ച ഈ മൂന്ന് ഡി.ജി.പി മാര്‍ക്കും ഇനിയും നിരവധി വര്‍ഷങ്ങള്‍ സര്‍വ്വീസ് ബാക്കിയുണ്ട്. എത്ര ലീവ് എടുത്ത് മടങ്ങി വന്നാലും സര്‍വ്വീസ് അവശേഷിക്കുന്നുണ്ടെന്നര്‍ത്ഥം.

താങ്കള്‍ക്കോ ? എത്ര മാസമുണ്ട് ഇനി ഈ കസേരയില്‍ ? ആറ് മാസംപോലും തികച്ചില്ലല്ലോ ?

വീണ്ടും താങ്കളുടെ മുന്നണി തന്നെ അധികാരത്തില്‍ വന്നാല്‍പോലും പോലീസ് ഭരണം താങ്കള്‍ക്ക് ലഭിക്കില്ലെന്നാണ് താങ്കളുടെ തന്നെ പാര്‍ട്ടിക്കാരും നേതാക്കളും പറയുന്നത്.അത് കൊണ്ട് തന്നെ കാര്യങ്ങളില്‍ ഇടപെടുമ്പോഴും ‘മികവ്’ കണ്ടെത്തുമ്പോഴും എല്ലാ വശങ്ങളും പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഈ ഉദ്യോഗസ്ഥര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടാകുമല്ലോ ?

പോലീസ് നിയമന തട്ടിപ്പും, ബാര്‍കോഴ കേസുമെല്ലാം ഒറ്റയടിക്ക് അവസാനിക്കുന്നതുമല്ല. ജാഗ്രത !

Team Express Kerala

Top