ഐപിഎൽ; സിഎസ്‌കെയില്‍ സുരേഷ് റെയ്‌നയെ നിലനിര്‍ത്തിയേക്കില്ലെന്ന് സൂചന

രുന്ന ഐപിഎൽ സീസണില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം നിലനിര്‍ത്തിയേക്കില്ലെന്ന് സൂചനകള്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും താരം കളിച്ചിരുന്നില്ല. ടൂര്‍ണമെന്റിനായി ടീമിനൊപ്പം യുഎഇയിലെത്തിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് റെയ്‌ന നാട്ടിലേക്കു മടങ്ങുകയായിരുന്നു. സിഎസ്‌കെയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയായ റെയ്‌ന ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശ് ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം. പക്ഷെ, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല റെയ്‌ന കാഴ്ചവയ്ക്കുന്നത്. അടുത്ത മാസത്തെ ലേലത്തിനു മുന്നോടിയായി ഈ മാസം 20നുള്ളില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ എട്ടു ഫ്രാഞ്ചൈസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

11 കോടി രൂപയാണ് നിലവില്‍ റെയ്‌നയ്ക്കു സിഎസ്‌കെ പ്രതിവര്‍ഷം നല്‍കുന്നത്. ഐപിഎല്‍ നിയമപ്രകാരം നിലനിര്‍ത്തുന്ന താരത്തിന് കഴിഞ്ഞ സീസണില്‍ നല്‍കിയ അതേ തുക തന്നെ നല്‍കേണ്ടതുണ്ട്. ഇതു കുറയ്ക്കാനോ, നിലനിര്‍ത്തുന്ന താരത്തിന്റെ ശമ്പളം വര്‍ധിപ്പിക്കാനോ അനുവാദമില്ല. ഇതിനര്‍ഥം 11 കോടി തന്നെ ഇത്തവണയും റെയ്‌നയ്ക്കായി സിഎസ്‌കെ മുടക്കേണ്ടിവരും. സിഎസ്‌കെയിലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കു റെയ്‌നയേക്കാള്‍ നാലു കോടി കുറവാണ് ശമ്പളമായി ലഭിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ റെയ്‌നയ്ക്കു വേണ്ടി ഇത്രയും ഉയര്‍ന്ന തുക മുടക്കണോയെന്ന ആശയക്കുഴപ്പത്തിലാണ് സിഎസ്‌കെ ടീമെന്ന് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

2008ലെ പ്രഥമ സീസണ്‍ മുതല്‍ റെയ്‌ന സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. സസ്‌പെന്‍ഷന്‍ കാരണം രണ്ടു സീസണില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നു പുറത്തായപ്പോള്‍ ഗുജറാത്ത് ലയണ്‍സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2018ല്‍ സിഎസ്‌കെ ഐപിഎല്ലില്‍ തിരികെയെത്തിയപ്പോള്‍ സിഎസ്‌കെ റെയ്‌നയെ തിരികെയെടുക്കുകയായിരുന്നു. 33 കാരനായ താരം 193 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 5878 റണ്‍സെടുത്തിട്ടുണ്ട്.

Top