കേരളത്തിൽ മന്ത്രിയാകാൻ മോഹം ! യു.ഡി.എഫ് എം.പിമാരുടെ കരുനീക്കം

കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് തലവേദനയായി എം.പിമാരുടെ കരുനീക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിറ്റിംഗ് എം.പിമാരുടെ മോഹമാണ് ഹൈക്കമാന്റിന് തലവേദനയാകുന്നത്. മുസ്ലീം ലീഗ് നേരിടുന്നതും ഇതേ സ്ഥിതിവിശേഷമാണ്. എന്തിനേറെ ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലാത്ത രാജ്യസഭാംഗം ജോസ്.കെ മാണിയും ലക്ഷ്യമിടുന്നത് മന്ത്രി പദവിയാണ്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കരുനീക്കങ്ങളെല്ലാം. കോണ്‍ഗ്രസ്സില്‍ നിന്നും, പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന എം.പിമാര്‍ തന്നെ അരഡസനോളം വരും. ശശി തരൂര്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, ബെന്നി ബെഹന്നാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് മത്സരിച്ച് മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്. തരൂരിന് മുഖ്യമന്ത്രി കസേരയിലും നോട്ടമുണ്ട്. കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വരുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ ഇവരെല്ലാം ലോകസഭയിലേക്ക് മത്സരിച്ചിരുന്നത്.

രാഹുല്‍ എഫക്ടില്‍ 20 ല്‍ 19 സീറ്റിലും വിജയിക്കാനും യു.ഡി.എഫിനു കഴിഞ്ഞിരുന്നു. വയനാട്ടില്‍ നിന്നുയര്‍ന്ന ഈ എഫക്ട് പക്ഷേ, ഉത്തരേന്ത്യയില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് സൃഷ്ടിച്ചിരുന്നത്. കേന്ദ്ര ഭരണത്തില്‍ വരാന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. കേരളത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചവരാണ് ഇതോടെ വെട്ടിലായത്. 19 പേരുടെ ‘പെരുമ’ കാട്ടി ഞെളിയാനും ഈ എം.പിമാര്‍ക്കിപ്പോള്‍ കഴിയുന്നില്ല. രാഹുല്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍, കേരളവും കൈവിടുമായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

യു.പി.എ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയില്‍ നടന്ന, ന്യൂനപക്ഷ ഏകീകരണമാണ് യു.ഡി.എഫിനെ തുണച്ചിരുന്നത്. ലോകസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കാതിരുന്ന കെ.സുധാകരന്‍, കെ.മുരളീധരന്‍, ബെന്നി ബെഹന്നാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ, ഹൈക്കമാന്റ് നിര്‍ബന്ധപൂര്‍വ്വമാണ് മത്സരിപ്പിച്ചിരുന്നത്. ഇതിന് പിന്നില്‍ ചരട് വലിച്ചതാകട്ടെ കോണ്‍ഗ്രസ്സിലെ ബുദ്ധികേന്ദ്രങ്ങളുമായിരുന്നു. എ.കെ ആന്റണിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ.സി വേണുഗോപാലിന്റെയും താല്‍പ്പര്യങ്ങളാണ് ഇവിടെ നടപ്പായിരുന്നത്.

യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹന്നാന്‍ ‘എ’ ഗ്രൂപ്പിന്റെ കരുത്തനായ നേതാവാണ്. കെ.സുധാകരനാകട്ടെ ‘ഐ’ ഗ്രൂപ്പിന്റെ പടനായകനുമാണ്. കെ.മുരളീധരന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. അറിയപ്പെടുന്ന ‘ഐ’ വിഭാഗക്കാരായ ഹൈബി ഈഡനും അടൂര്‍ പ്രകാശും നിലവില്‍ ‘സ്വതന്ത്ര’ നിലപാടുകാരാണ്. ഇരുവരെയും ഒപ്പം നിര്‍ത്താന്‍ ‘എ’ വിഭാഗം കൊണ്ടുപിടിച്ചാണ് ശ്രമിക്കുന്നത്. ഈ എംപിമാരെല്ലാം, ഇനി ഡല്‍ഹിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടുകാരാണ്. അടുത്ത കാലത്തൊന്നും കേന്ദ്ര ഭരണം സ്വപ്നം കാണാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇവര്‍.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അടുത്ത തവണ മന്ത്രിയാകാമെന്ന കാര്യത്തില്‍ എംപിമാരുടെ വിശ്വാസം നൂറ് ശതമാനമാണ്. ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും കിട്ടിയ ചരിത്രമില്ലാത്തതിനാല്‍ യു.ഡി.എഫ് ഭരണം പിടിക്കുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍. എം.പിമാരായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ലക്ഷ്യമിടുന്നത് കൂടുതല്‍ ഉന്നതമായ പദവികളാണ്. തരൂരിന്റെ കണ്ണ് മുഖ്യമന്ത്രി കസേരയിലാണ്. ഉപമുഖ്യമന്ത്രി പദം അതല്ലെങ്കില്‍ സ്പീക്കര്‍ പദവിയാണ് കൊടിക്കുന്നില്‍ സുരേഷ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ കാലം എം.പിയായ വ്യക്തി എന്ന നിലയില്‍ അതിന് തനിക്ക് അവകാശമുണ്ടെന്ന നിലപാടിലാണ് അദ്ദേഹം.

മുസ്ലീം ലീഗില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം.പിമാരും മന്ത്രി പദവി ആഗ്രഹിക്കുന്നവരാണ്. പി.കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ തന്നെ റെഡിയായാണ് ഇരിക്കുന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി മുഹമ്മദ് ബഷീറിനും ഇത്തവണ മന്ത്രിയാകണമെന്ന ആഗ്രഹമുണ്ട്. രാജ്യസഭാംഗമായ പി.വി അബ്ദുള്‍ വഹാബിന്റെ ലക്ഷ്യവും മന്ത്രി സ്ഥാനമാണ്. കേരള കോണ്‍ഗ്രസ്സ് നേതാവ് ജോസ്.കെ മാണി എം.പിയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ജോസിന്റെ പാര്‍ട്ടി ഏത് മുന്നണിയില്‍ മത്സരിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

എം.പിമാരുടെ കൂട്ടത്തോടെയുള്ള മന്ത്രി മോഹത്തില്‍ വെട്ടിലാകാന്‍ പോകുന്നത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ്. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് എം.പിക്ക് അനുമതി നല്‍കിയാല്‍ അത് പാര്‍ട്ടിയില്‍ കലാപക്കൊടിയാണ് ഉയര്‍ത്തുക. മാത്രമല്ല രാജിവയ്ക്കുന്ന ലോകസഭ സീറ്റുകള്‍ പിന്നീട് തിരിച്ചു പിടിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസവും നേതൃത്വത്തിനില്ല. ഡല്‍ഹിയിലേക്ക് ഒഴിവാക്കിയ ‘ഭീഷണി’ തിരിച്ച് കൊണ്ടുവരുവാന്‍ കെ.പി.സി.സി നേതൃത്വവും നിലവില്‍ ആഗ്രഹിക്കുന്നില്ല.

അടുത്ത മുഖ്യമന്ത്രി സ്ഥാനം തുന്നിയിരിക്കുന്നവരില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെയുണ്ട്. ഒത്തു തീര്‍പ്പു സ്ഥാനാര്‍ത്ഥിയാകാനായി എ.കെ ആന്റണിയും കെ.സി വേണുഗോപാലും റെഡിയുമാണ്. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി ലീഗിനെ ഒപ്പം നിര്‍ത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ ലീഗ് നിലപാട് മുഖ്യമന്ത്രി സ്ഥാനത്തിന് നിര്‍ണ്ണായകവുമാണ്. ഇതെല്ലാം മുന്നില്‍കണ്ടാണ് എ ഗ്രൂപ്പിന്റെ നീക്കം.

ഇങ്ങനെ അണിയറയില്‍ കരുനീക്കങ്ങള്‍ ശക്തമാവുമ്പോഴും ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. അത് കേരളം ‘ചരിത്രം’ തിരുത്തുമോ എന്നത് മാത്രമാണ്. ഭരണ തുടര്‍ച്ച ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ലഭിച്ചാല്‍ അത് യു.ഡി.എഫിന്റെ ചരമ ഗീതമായാണ് മാറുക.

Expressview

Top