MP Vijay Mallya, you will be expelled: Rajya Sabha panel

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ രാജ്യസഭാ അംഗത്വം റദ്ദാക്കി.

രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിയാണ് വിജയ് മല്യയുടെ രാജ്യസഭാ അംഗത്വം റദ്ദാക്കിയത്. നേരത്തെ എത്തിക്‌സ് കമ്മിറ്റി വിജയ് മല്യയുടെ അംഗത്വം റദ്ദാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ഇതിനിടെ മല്യ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. രാജ്യസഭാ അധ്യക്ഷനും എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനും മല്യ രാജിക്കത്ത് അയച്ചിരുന്നു. എന്നാല്‍ രാജി സ്വീകരിക്കാതെ അംഗത്വം റദ്ദാക്കുകയായിരുന്നു.

13 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിയിലേറെ രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. നിയമ നടപടികള്‍ തുടങ്ങിയതിന് പിന്നാലെ മാര്‍ച്ച് രണ്ടിന് മല്യ രാജ്യംവിട്ടു.

ഏപ്രില്‍ 24 ന് മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. യു.കെയില്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി മല്യ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

Top