എം.പി.വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കല്‍പ്പറ്റ: എം.പി.വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ. വയനാട്ടിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജൈനമതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്.

രാവിലെ മുതല്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അണമുറിയാത്ത ജനപ്രവാഹമാണ് ഉണ്ടായിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏറെ പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ജനക്കൂട്ടമുണ്ടാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടിവന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top