രാജിയിലുറച്ച് വീരേന്ദ്രകുമാര്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എം.പി സ്ഥാനം രാജിവെക്കും

veerendra kumar

തിരുവനന്തപുരം : രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്രകുമാര്‍.

രാജി തീരുമാനം ശരത് യാദവിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും അംഗത്വം രാജിവെക്കും. മൂന്ന് ദിവസത്തിനകം ഡല്‍ഹിയിലെത്തി സ്ഥാനം രാജിവെക്കുമെന്നും ഭാവി നിലപാട് ശരത് യാദവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കണമെന്നാണ് പൊതുവികാരം. ദേശീയ നേതാക്കളില്‍ പലര്‍ക്കും പ്രാദേശിക താല്‍പര്യങ്ങളാണുള്ളത്.

ജെ.ഡി.എസ് നേതാക്കളായ കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ്.

എല്‍.ഡി.എഫിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെ വിളിക്കും. പാര്‍ട്ടിക്കുണ്ടായ പ്രതിസന്ധിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ടയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

പിണറായി വിജയനുമായി അടുത്തിടെ സംസാരിച്ചിരുന്നു. എന്നാല്‍, അത് സൗഹൃദസംഭാഷണം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫോ എല്‍ഡിഎഫോ എന്നതൊക്കെ എംപി സ്ഥാനം രാജിവെച്ച ശേഷം മാത്രമെ തീരുമാനിക്കുകയുള്ളുവെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Top