എം പി സക്കീറിനെതിരെയുള്ള വിലക്ക് നീക്കി; താരത്തിന് ഇനി സൂപ്പര്‍ കപ്പില്‍ കളിക്കാം

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരമായ എം പി സക്കീറിനെതിരെയുള്ള വിലക്ക് നീക്കി. റഫറിയോട് അപമര്യാദയായി പെരുമാറിയതിന് താരത്തിനെതിരെ എ ഐ എഫ് എഫ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. താരത്തെ ഈ സീസണില്‍ ഇനി കളിക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ ആറു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റി ആറു മാസത്തെ വിലക്ക് ഫെഡറേഷന്‍ ആറു മത്സരങ്ങളാക്കി ഇളവ് ചെയ്തു. ഇതോടെ സൂപ്പര്‍ കപ്പില്‍ കളിക്കാനുള്ള അവസരമാണ് സക്കീറിന് തെളിഞ്ഞത്.

ഐ എസ് എല്ലില്‍ മുംബൈ സിറ്റിക്ക് എതിരെ മത്സരത്തില്‍ എം പി സക്കീര്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ആ കാര്‍ഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച ആറു മത്സരങ്ങളിലും എം പി സക്കീര്‍ കളിച്ചിട്ടില്ല. ഇനി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ എം പി സക്കീറിന് കളിക്കാം എന്നും എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.

Top