mp raghavan and collector issue solved

കോഴിക്കോട്: എംകെ രാഘവന്‍ എംപിയുമായുള്ള തര്‍ക്കത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് ചോദിച്ചു. തന്റെ പേഴ്‌സണല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് എംപിയോട് നിരുപാധികം ക്ഷമ ചോദിച്ചത്.

എല്ലാത്തിനും ഉത്തരവാദി താനാണെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു. എംപിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. അതിനു താന്‍ ആളുമല്ല. അറിഞ്ഞോ അറിയാതെയോ ആരെയും വേദനിപ്പിക്കരുത് എന്നാണ് തന്റെ നിലപാട്. ഔദ്യോദിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും കളക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.

തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസം നില്‍ക്കുന്നുവെന്ന് എംകെ എംപി ആരോപിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു മാപ്പ് പറയണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് കുന്നംകുളത്തിന്റെ മാപ്പും തുടര്‍ന്ന് ബുള്‍സ് ഐയുടെ ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കളക്ടര്‍ എന്‍ പ്രശാന്തിന്റെ നടപടി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

പൊതുജനം ഭൂമിശാസ്ത്രമറിയാന്‍ വേണ്ടിയാണ് കുന്നംകുളത്തിന്റെ മാപ്പ് ഫെയ്‌സ്ബുക്കിലിട്ടതെന്നും ഇതിനെയെല്ലാം പക്വതയോടെ കാണണമെന്നായിരുന്നു എന്‍ പ്രശാന്തിന്റെ മറുപടി.

തുടര്‍ന്ന് കളക്ടര്‍ക്കതിരെ എം കെ രാഘവന്‍ മുഖ്യമന്ത്രിക്കും ചീഫ് സക്രട്ടറിക്കും പരാതി നല്‍കുകയായിരുന്നു. ജനപ്രതിനിധിയെ അവഗണിച്ച കളക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു എംപിയുടെ പരാതി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.

ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു.
ബഹു. എം.പി.യെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.

ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാര്‍മ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍ തന്നെയാണ് പൂര്‍ണ്ണമായും ഉത്തരവാദി എന്ന് പറയാന്‍ എനിക്ക് മടിയില്ല.

ചില കാര്യങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.

Top