ഈ പ്രതിഷേധക്കാര്‍ വീട്ടില്‍ കയറി നമ്മുടെ സഹോദരിമാരെ പീഡിപ്പിക്കും; ബിജെപി എംപി

ല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും രൂക്ഷ ആരോപണങ്ങളുമായി ബിജെപി എംപി പര്‍വേഷ് വര്‍മ്മ. പൗരത്വ നിയമ ഭേദഗതിക്ക് എതിരായാണ് ഷഹീന്‍ ബാഗില്‍ തുടര്‍ച്ചയായ സമരങ്ങള്‍ അരങ്ങേറുന്നത്. ഇതിനിടെയാണ് ഈ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുമെന്ന് പര്‍വേഷ് വര്‍മ്മ ആരോപണം ഉന്നയിച്ചത്.

‘ഷഹീന്‍ ബാഗില്‍ ലക്ഷക്കണക്കിന് പേരാണ് എത്തുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ ഇതേക്കുറിച്ച് ചിന്തിക്കണം, ഒരു തീരുമാനം എടുക്കണം. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറും, സഹോദരിമാരെയും, പെണ്‍മക്കളെയും പീഡിപ്പിക്കും, കൊലപ്പെടുത്തും. ഇന്ന് കുറച്ച് സമയം ബാക്കിയുണ്ട്, നാളെ നിങ്ങളെ രക്ഷിക്കാന്‍ മോദിയും, അമിത് ഷായും വരാന്‍ പോകുന്നില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജെപി എംപി ആരോപിച്ചു.

ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന റാലിയില്‍ ബിജെപി എംപി ഭീഷണി ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍. ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരെ നീക്കുമെന്നാണ് പര്‍വേഷ് വര്‍മ്മ നേരത്തെ പ്രഖ്യാപിച്ചത്.

‘ഈ തെരഞ്ഞെടുപ്പ് ഒരു ചെറിയ കാര്യമല്ല. ഇത് രാജ്യത്തിന്റെ സ്ഥിരതയും, ഐക്യവും തീരുമാനിക്കുന്നതാണ്. ഫെബ്രുവരി 11ന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ ബാഗില്‍ ആരും കാണില്ല’, വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ പര്‍വേഷ് വര്‍മ്മ പറഞ്ഞു. ഒരു മാസത്തിനകം സര്‍ക്കാര്‍ ഭൂമിയിലെ പള്ളികളും നീക്കം ചെയ്യുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

Top