ലക്ഷദ്വീപിന് നിയമസഭ വേണമെന്ന ആവശ്യം ലോക്സഭയിൽ ഉയർത്തി എംപി മൊഹമ്മദ് ഫൈസൽ

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിയമസഭ വേണമെന്ന് ലോക്സഭയിൽ ഉന്നയിച്ച് എംപി മൊഹമ്മദ് ഫൈസൽ പിപി. ഇന്ന് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് എംപി തന്റെ നാടിന്റെ ദീർഘകാല ആവശ്യമാണിതെന്ന് വ്യക്തമാക്കിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ആവശ്യമാണിതെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. വലിയ കരഘോഷത്തോടെയാണ് എംപിമാർ ഈ ആവശ്യത്തോട് പ്രതികരിച്ചത്.

‘ലക്ഷദ്വീപിന് നിയമസഭ വേണമെന്നത് ലക്ഷദ്വീപിലെ ജനത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ്. ഈ ആവശ്യം സമീപകാലത്ത് കൂടുതൽ ശക്തമായി. ഇതിന് കാരണം, ലക്ഷദ്വീപിലെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക്, തദ്ദേശവാസികളുടെ പ്രശ്നങ്ങളിൽ യാതൊരു അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാത്തത് കൊണ്ടാണ്. തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ ജനത്തിന് പോലും യാതൊരു അഭിപ്രായവും പറയാൻ കഴിയുന്നില്ല. പഞ്ചായത്ത് റെഗുലേഷൻ, ഭൂമി ഏറ്റെടുക്കൽ, ഷിപ്പിങ് സെക്ടറിലെ 15 വർഷത്തെ പദ്ധതികൾ നിർത്തലാക്കുന്നത്, കർഷകർക്കുള്ള ക്ഷേമ പദ്ധതികൾ, തൊഴിലവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊന്നും ജനത്തിന് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിനെതിരെ ജനം പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോൾ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ റിലേ സമരം നടക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ നിയമസഭ വേണമെന്ന ഒരേയൊരു ആവശ്യമാണ് ജനത്തിന്റേത്. ജനത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു നിയമസഭ വേണം. അത് പരിഗണിക്കാനും തീരുമാനമെടുക്കാനും ഒരു സംവിധാനം ലക്ഷദ്വീപിൽ ആവശ്യമാണ്. ഇത് ലക്ഷദ്വീപിലെ ജനത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ലക്ഷദ്വീപിലെ ജനങ്ങളും സ്വയംഭരണത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കേണ്ടതുണ്ട്,’ – എന്നും എംപി പറഞ്ഞു.

ലോക്സഭയുടെ ശൂന്യവേളയിലാണ് എംപി ഈ ആവശ്യം ഉന്നയിച്ചത്. പുതിയതായി രൂപീകരിച്ച പഞ്ചായത്ത് ചട്ടങ്ങൾ ലക്ഷദ്വീപിലെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണ്. പോണ്ടിച്ചേരിയിലേതിന് സമാനമായി ലക്ഷദ്വീപിലും ഒരു നിയമ നിർമ്മാണ കേന്ദ്രം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും എംപി വ്യക്തമാക്കി.

Top