രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് മധ്യപ്രദേശ് സഹകരണവകുപ്പ് മന്ത്രി

viswas

ഭോപ്പാല്‍ :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് മധ്യപ്രദേശ് സഹകരണവകുപ്പ് മന്ത്രി വിശ്വാസ് സാരംഗ്. രാഹുലിന്റെ പ്രസംഗം ബോളിവുഡ് ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സിലെ’ രംഗം പോലെയാണെന്ന് മന്ത്രി പറഞ്ഞു. ചിത്രത്തില്‍ ചതുര്‍ രാമലിംഗം എന്ന കഥാപാത്രം നടത്തുന്ന രസകരമായ പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മന്ദ്‌സൗര്‍ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ദ്‌സൗറില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കവെ, കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍
10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിന് പരിഹാസമായിട്ടായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലേതുപോലെ രാഹുല്‍ ഗാന്ധി മറ്റാരോ എഴുതി നല്‍കിയ പ്രസംഗം വായിക്കുകയായിരുന്നു. കൃത്യമായ തിരക്കഥയൊരുക്കിയുള്ള അപക്വമായതും നാടകീയവുമായ പ്രസംഗമായിരുന്നു അത്. വസ്തുതകളോ യാഥാര്‍ഥ്യമോ അതില്‍ ഇല്ലായിരുന്നുവെന്നും സഹകരണ മന്ത്രി ആരോപിച്ചു.

ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഇതേകുറിച്ചു പറഞ്ഞത്. ഭക്ഷ്യ ശൃംഖലയെ കുറിച്ചല്ല, തട്ടിപ്പ് ശൃംഖലയെ കുറിച്ചാണ് രാഹുല്‍ യഥാര്‍ഥത്തില്‍ പറയേണ്ടത്. ഇതില്‍ റോബര്‍ട്ട് വദ്രയാകും പ്രധാന കഥാപാത്രം. കോണ്‍ഗ്രസ് പ്രസിഡന്റ് കര്‍ഷക മരണത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top