ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂര്‍. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍നിന്ന് പുറത്താക്കിയതോടെ മഹുവ മൊയ്ത്ര കൂടുതല്‍ ശക്തയായെന്നും ശശി തരൂര്‍ പറഞ്ഞു.

മഹുവയെ പുറത്താക്കിയ പ്രമേയം പാസാക്കിയതോടെ പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പുറത്താക്കല്‍ നടപടിക്ക് ശേഷം മഹുവ മൊയ്ത്ര മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പിന്നില്‍ നിന്നത് ശ്രദ്ധേയമായിരുന്നു.തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങള്‍ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്സഭാംഗമാണ് മഹുവ. ബി.ജെ.പിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് മഹുവ ലോക്സഭയിലെത്തിയത്.

‘മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതല്‍ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ മഹുവ മൊയ്ത്ര കൂടുതല്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും’, ശശി തരൂര്‍ പറഞ്ഞു.

 

Top